പത്തനംതിട്ട: വറുത്ത മീനെടുക്കാൻ ശ്രമിക്കവെ പൂച്ചക്കുഞ്ഞിന്‍റെ തല ഗ്യാസ് സ്റ്റൗവിനുള്ളിൽ കുടുങ്ങി. പന്തളം ചേരിക്കൽ സ്വദേശി ഷീനാസിന്‍റെ വീട്ടിലാണ് സംഭവം. തുടർന്ന് ഫയർഫോഴ്‌സെത്തിയാണ് ഗ്യാസ് സ്റ്റൗവിന്‍റെ ദ്വാരത്തിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന്‍റെ തല പുറത്തെടുത്തത്.
വീട്ടിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്‍റെ പുറത്തിരുന്ന വറുത്ത മീൻ വീട്ടുകാരറിയാതെ എടുത്തുകൊണ്ടു പോകാനാണ് പൂച്ച പതുങ്ങി എത്തിയത്. എന്നാൽ സ്റ്റൗവിലെ ദ്വാരത്തിനുള്ളിൽ തല കുടുങ്ങിയതോടെ പൂച്ചയുടെ പദ്ധതികൾ എല്ലാം പാളുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉച്ചത്തിൽ കരഞ്ഞതോടെ വീട്ടുകാരും ഓടിയെത്തി. പൂച്ചയെ രക്ഷപെടുത്താൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അടൂരിലെ അഗ്നിരക്ഷ സേനയെത്തി രണ്ടു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിൽ സ്റ്റൗ കട്ട് ചെയ്‌താണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.