കോഴിക്കോട് : വേൾഡ് ഹാപ്പിനസ് ഡേയുടെ ഭാഗമായി ബുധനാഴ്‌ച കോഴിക്കോട് കടപ്പുറത്ത് പട്ടം പറത്തൽ (Kite Show On World Happiness Day). കോഴിക്കോടിനെ സന്തോഷ നഗരമാക്കുന്നതിന് വേണ്ട പിന്തുണ നേടുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു പട്ടം പറത്തല്‍. സിറ്റി ഓഫ് ഹാപ്പിനസ് കാലിക്കറ്റും വൺ ഇന്ത്യ കൈറ്റ് ടീമുമായി ചേർന്ന് കേരള കൈറ്റ് അസോസിയേഷൻ്റെ സഹകരണത്തോടെയാണ് ഇത്തരത്തിലൊരു വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
സന്തോഷ ദിനത്തിൽ കടപ്പുറത്ത് എത്തിയ നിരവധി പേരാണ് പരിപാടിയിൽ പങ്കാളികളായത്. വ്യത്യസ്‌തമായ വലിപ്പത്തിലും വർണങ്ങളിലും ഉള്ള ത്രീഡി കൈറ്റുകളാണ് സന്തോഷം ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വാനിലേക്ക് പറന്നുയർന്നത്. സന്തോഷ നഗരത്തിനായി കയ്യൊപ്പ് ചാർത്താൻ സ്ത്രീകളും കുട്ടികളും വിദേശികളുമടക്കം നിരവധി പേരെത്തി.
എല്ലാവരും ഒരുമിച്ച് ചേർന്നാണ് പട്ടങ്ങളും വർണബലൂണുകളും ആകാശത്തേക്ക് പറത്തിവിട്ടത്. പരിപാടി ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ ഷൈജൽ ഉദ്ഘാടനം ചെയ്‌തു. വേൾഡ് ഹാപ്പിനസ് ക്ലബ് അംഗം പ്രിൻസ്, വൺ ഇന്ത്യ കൈറ്റ് ടീം ലീഡർ അബ്‌ദുള്ള മാളിയേക്കൽ തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.