എറണാകുളം : മസാല ബോണ്ട് കേസില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഇഡി കൊച്ചി ഓഫീസിൽ ഹാജരായി. ഫിനാൻസ് ഡിജിഎം അജോഷ് കൃഷ്‌ണ കുമാർ, ആർ എസ് ഹേമന്ത് എന്നിവരാണ് ഹാജരായത്. കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം സംബന്ധിച്ച ചോദ്യം ചെയ്യലിനായാണ് കിഫ്ബിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എത്തിയത്. ചോദ്യം ചെയ്യലിന് സിഇഒ ഹാജരാകില്ലെന്നും ഡിജിഎം ഹാജരാകാമെന്നും കിഫ്ബി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതനുസരിച്ചാണ് ഡിജിഎം ഇഡിക്ക് മുന്നിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി രണ്ട് സമന്‍സുകളാണ് ഇഡി കൊച്ചി യൂണിറ്റ് കിഫ്ബിക്ക് നല്‍കിയത്. മസാല ബോണ്ടിലെ ഫെമ നിയമലംഘനം സംബന്ധിച്ച കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് നേരത്തെ അറിയിച്ചിരുന്നു. ഇഡി സമൻസിൽ കിഫ്ബി ഫിനാൻസ് ഡിജിഎം അജോഷ് കൃഷ്‌ണകുമാർ ഈ മാസം 27, 28 തീയതികളിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.
സിഇഒയ്ക്ക് പകരം ഡിജിഎം ഹാജരാകുമെന്ന കിഫ്ബിയുടെ മറുപടി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് നൽകിയത്. അറസ്റ്റുണ്ടാകരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മൊഴി രേഖപ്പെടുത്തൽ വീഡിയോയിൽ പകർത്തണം. ഈ ഘട്ടത്തിൽ കിഫ്ബി ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്നായിരുന്നു ഇഡി യുടെ മറുപടി. അതേസമയം തോമസ് ഐസക് ഹാജരാകണമെന്നാണ് ഇഡി നിലപാട്.
മസാല ബോണ്ട് ഇടപാടിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം. മസാല ബോണ്ട് ഇടപാടിൽ ഉപയോഗിക്കാൻ പാടില്ലാത്ത വിധം ഫണ്ടുകൾ വിനിയോഗിച്ചുവെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്. കിഫ്ബി സിഇഒക്ക് ഹാജരായിക്കൂടേയെന്ന് കോടതി ചോദ്യമുന്നയിച്ചെങ്കിലും ഡിജിഎം ഹാജരാകട്ടെയെന്നും സിഇഒ ഇപ്പോൾ ഹാജരാകേണ്ടതില്ലെന്നുമായിരുന്നു കിഫ്ബി മറുപടി നൽകിയത്.
എല്ലാ രേഖകളും കിഫ്ബിയുടെ പക്കലാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നൽകാനില്ലെന്നുമായിരുന്നു ഐസക്കിന്‍റെ അഭിഭാഷകന്‍റെ മറുപടി. കിഫ്ബിയുടെയും, ഐസക്കിന്‍റെയും ഹർജികൾ ഹൈക്കോടതി മാർച്ച് 7 ന് വീണ്ടും പരിഗണിക്കും. ഇഡിയുടെ റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌ത് ലഭിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ഇഡി കോടതിയിൽ റിപ്പോർട്ട് നൽകുക.