തിരുവനന്തപുരം: പേട്ടയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ വനിതാ ശിശു വികസന ഡയറക്‌ടറുടെ കാര്യലയത്തിൽ എത്തിച്ച് കൗൺസിലിംഗ് നൽകിയ ശേഷം സുരക്ഷിത ഇടത്തേക്ക് മാറ്റി. എസ്എടി ആശുപത്രിയിൽ നിന്ന് കുട്ടിയെ ഡിസ്‌ചാർജ് ചെയ്‌തു. ശിശുക്ഷേമ സമിതി വനിതാ ശിശു വികസന ഡയറക്‌ടറേറ്റിൽ എത്തിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി (Kidnapped Two-year-old Girl Has Been Shifted to a Safe Place).
കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയതായി ശിശുക്ഷേമ സമിതി ചെയർ പേഴ്‌സൺ ഷാനിബ പറഞ്ഞു. കുഞ്ഞിന്‍റെ സുരക്ഷ പരിഗണിച്ചാണിത്. കുട്ടികളെ സംബന്ധിച്ച ഒരു രേഖയും രക്ഷിതാക്കളുടെ കയ്യിൽ ഇല്ല. കുഞ്ഞിന്‍റെയും അച്‌ഛന്‍റെയും രക്ത സാമ്പിളുകൾ എടുത്തിട്ടുണ്ട്. അത് പരിശോധിക്കും.
കുഞ്ഞിന്‍റെ സഹോദരങ്ങൾ കഴിയുന്നത് ശിശുക്ഷേമ സമിതിയിൽ ആണ്. അവർ നല്ല സന്തോഷത്തോടെയാണ് നിൽക്കുന്നത്. കുഞ്ഞിന്‍റെ ഡിഎൻഎ ഫലം മൂന്ന് ദിവസത്തിനകം ലഭിക്കും. അത് ലഭിച്ചതിനു ശേഷം കുടുംബത്തോടൊപ്പം പറഞ്ഞു വിടുന്നത് ആലോചിക്കുമെന്നും ഷാനിബ പറഞ്ഞു.