തിരുവനന്തപുരം : ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇന്നും നാളെയും (മെയ് 2,3) ഉഷ്‌ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാനിടയുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉഷ്‌ണ തരംഗത്തില്‍ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യാഘാതം മരണത്തിനുവരെ വഴിവച്ചേക്കാം. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു.
കടുത്ത ചൂടിനെ നേരിടാം : പകല്‍ പുറത്തിറങ്ങരുത്. പകല്‍ പുറം ജോലികളും കായിക വിനോദങ്ങളും പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷയും കുടയും ഉപയോഗിക്കുക. ധാരാളമായി വെള്ളം കുടിക്കുക.
നിരന്തര ഉപയോഗം മൂലം വൈദ്യുത ഉപകരണങ്ങള്‍ ചൂട് പിടിച്ചും വയര്‍ ഉരുകിയും തീപിടിത്തത്തിന് സാധ്യതയുള്ളതിനാല്‍ ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. തീപിടിത്ത സാധ്യത കണക്കിലെടുത്ത് രാത്രിയില്‍ ഓഫിസുകളിലും ഉപയോഗമില്ലാത്ത മുറികളിലും ഉള്ള ഫാന്‍, ലൈറ്റ്, എസി എന്നിവ ഓഫ് ചെയ്‌ത് സൂക്ഷിക്കേണ്ടതാണ്.