തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ (മെയ് 14) തിരുവനന്തപുരം, പത്തനംതിട്ട 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിന്‍റെ വേഗത സെക്കൻഡിൽ 20 സെന്‍റിമീറ്ററിനും 50 സെന്‍റിമീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഏറ്റവും ഒടുവിൽ ലഭ്യമായ അറിയിപ്പ് പ്രകാരം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.