തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് തുടരും. ചൊവ്വാഴ്‌ച മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ വരെ സംസ്ഥാനത്ത് 39 ഡിഗ്രി വരെ ചൂട് തുടരും. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് കൂടാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്‌ച വയനാട് ജില്ലയിലും ബുധനാഴ്‌ച മലപ്പുറം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.