തിരുവനന്തപുരം : എഴുപത് പിന്നിട്ട് വിശ്രമ ജീവിതം നയിക്കേണ്ട ഒരു കൂട്ടം വയോധികര്‍ കഴിഞ്ഞ രണ്ടു മാസത്തിലധികമായി വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തിനു മുന്നില്‍ സമരത്തിലാണ് ( Strike For Pension). രാവിലെ 10 ന് ജലഭവന് മുന്നിലെത്തും, ആവുന്നത്ര ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കും, വാട്ടര്‍ അതറിറ്റിയില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിരമിച്ച് തുച്‌ഛമായ പെന്‍ഷന്‍ വരുമാനത്തില്‍ വാര്‍ദ്ധക്യ കാലം തള്ളി നീക്കുന്നവവരാണിവര്‍ (Kerala Water Authority).
വാട്ടര്‍ അതോറിറ്റിയില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാത്തതിനാല്‍ രണ്ട് മാസത്തിലധികമായി ഇവര്‍ സമരത്തിലാണ്. വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവുകള്‍ക്കിടയില്‍ ഇവര്‍ ജീവിക്കുന്നത് തുച്‌ഛമായ പെന്‍ഷന്‍ തുകയെ ആശ്രയിച്ചാണ്. ശമ്പള - പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം നടപ്പിലായ നിരക്ക് വാട്ടര്‍ അതോറിറ്റിയില്‍ മാത്രം ഇതുവരെ സാധ്യമായില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാരിന്‍റെ ചിറ്റമ്മ നയത്തിനെതിരെ നവംബര്‍ 6 മുതലാണ് ജല ഭവന് മുന്നില്‍ ഇവര്‍ സമരം തുടങ്ങിയത്. സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും എഴുപത് വയസ്സ് പിന്നിട്ടവരാണ്.
ശമ്പള - പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍റെ ശുപാര്‍ശ നടപ്പാക്കാത്തതിനാല്‍ ഇവരില്‍ പലരുടെയും ജീവിതം ഇപ്പോള്‍ ദുസ്സഹമാണ്. തനത് ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി തന്നെ പെന്‍ഷന്‍ പരിഷ്‌കരിച്ചുനല്‍കാം എന്നറിയിച്ചെങ്കിലും സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.
കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം 2019 മുതലാണ് പരിഷ്‌കരണം നടപ്പിലാക്കേണ്ടത്. വിരമിച്ച മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ഇത് നടപ്പായിട്ടുമുണ്ട്. 2022 ല്‍ വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരുടെ ശമ്പളവും 2023ല്‍ വെള്ളക്കരവും വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍, തങ്ങളോട് മാത്രം എന്തിന് ഈ ചിറ്റമ്മ നയം തുടരുന്നു എന്നാണ് സമരക്കാര്‍ ചോദിക്കുന്നത്.
ഹെഡ് ഓപ്പറേറ്ററും ചീഫ് എഞ്ചിനീയര്‍മാരും തുടങ്ങി മീറ്റര്‍ റീഡര്‍മാര്‍ വരെ സമരപ്പന്തലിലുണ്ട്. പലരുടേയും പ്രായം എഴുപത് കഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ക്ക് ഒപ്പം എത്താന്‍ മറ്റൊരു തൊഴിലിനുപോകാന്‍ ഇവര്‍ക്ക് ഇനി സാധ്യവുമല്ല. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വാട്ടര്‍ അതോറിറ്റിക്ക് കോടിക്കണക്കിന് രൂപ കുടിശ്ശിക ഉള്ളപ്പോഴാണ് കടബാധ്യതയുടെ പേരില്‍ വിരമിച്ച ജീവനക്കാരെ സര്‍ക്കാര്‍ ഈ വിധം അവഗണിക്കുന്നത്.
സമരം തുടങ്ങിയിട്ട് ഇതുവരേയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. നവകേരള സദസില്‍ 140 മണ്ഡലങ്ങളിലും പെന്‍ഷന്‍ കൂട്ടായ്‌മയുടെ പ്രതിനിധികള്‍ പരാതി നല്‍കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയിലെ നാല് പെന്‍ഷന്‍ സംഘങ്ങളുടെ നേതൃത്വത്തിലാണ് സമരം.