തിരുവനന്തപുരം : സ്ഥിരം വിസിയെ നിയമിക്കുന്നതിനായി സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശത്തിൽ വിളിച്ചു ചേർത്ത സെനറ്റ് യോഗത്തിൽ (Kerala University senate meeting) അധ്യക്ഷത വഹിച്ച പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും താത്കാലിക വിസി മോഹൻ കുന്നുമ്മലും തമ്മിൽ വാക്ക് തർക്കം (Minister R Bindu KU VC clash at senate meeting). യോഗം വിളിച്ചത് താനാണെന്നും യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടത് താനാണെന്നും മോഹൻ കുന്നുമ്മൽ യോഗത്തിൽ പറഞ്ഞു. എന്നാൽ പ്രോ ചാൻസലറായ തനിക്ക് യോഗത്തിന്‍റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന് മന്ത്രിയും വാദിച്ചു.
യോഗത്തിൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടത് ഇല്ല എന്ന പ്രമേയം ഇടത് അംഗം നസീബ് അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചുവെന്നും മന്ത്രിയും പറഞ്ഞു. ഇതിനിടെ യുഡിഎഫ് അംഗങ്ങൾ കാലടി സര്‍വകലാശാല മുൻ വിസി ഡോ. ദിലീപ് കുമാറിൻ്റെ പേരും ഗവർണറുടെ നോമിനികൾ എം കെ സി നായരുടെ പേരും വിസിക്ക് മുന്നിൽ സമർപ്പിച്ചു. പിന്നാലെയാണ് തനിക്ക് കിട്ടിയ പേരുകളിൽ ഒന്ന് ഗവർണർക്ക് സമർപ്പിക്കുമെന്നും ഇടത് അംഗങ്ങൾ സമർപ്പിച്ച പ്രമേയം പാസായിട്ടില്ലെന്നും വിസി പറഞ്ഞത്. യോഗം വിളിച്ചത് താനാണ്. യോഗത്തിന്‍റെ അധ്യക്ഷന്‍ താനാണെന്നും വിസി പറഞ്ഞു. എന്നാൽ വിസിയുടെ നിർദേശം അംഗീകാരിക്കാതെ യോഗം പിരിയുകയായിരുന്നു.
പൊലീസിന്‍റെ കനത്ത സുരക്ഷയിൽ ആണ് ഇന്ന് രാവിലെ 11 മണിക്ക് കേരള സർവകലാശാലയുടെ സെനറ്റ് യോഗം ആരംഭിച്ചത്. സെനറ്റ് യോഗത്തിൽ ഗവർണറുടെ പ്രതിനിധികൾ പങ്കെടുക്കുന്നതിനെതിരെ എസ്എഫ്ഐയുടെയും ഇടത് സംഘടനകളുടെയും പ്രതിഷേധം ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കനത്ത സുരക്ഷയാണ് സെനറ്റ് ഹാളിലും യൂണിവേഴ്‌സിറ്റി ആസ്ഥാനത്തും പൊലീസ് ഒരുക്കിയത്.
സെനറ്റ് യോഗത്തിനായി രാവിലെ എട്ടുമണിക്ക് തന്നെ ഗവർണർ നാമനിർദേശം ചെയ്‌ത 11 പേരും സെനറ്റ് ഹാളിൽ എത്തിയിരുന്നു. എം വിൻസെന്‍റ് എം എൽ എ, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് തുടങ്ങി 106 പേരാണ് സർവകലാശാലയിലെ സെനറ്റ് അംഗങ്ങൾ. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഇടതു സംഘടനകളും തങ്ങളെ സെനറ്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗങ്ങളിൽ ഏഴ് പേർ സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിച്ചിരുന്നു.
സംസ്ഥാനത്തെ ഏഴ് സർവകലാശാലകൾക്കാണ് സ്ഥിരം വിസിയെ നിയമിക്കുന്നതിനായി സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കത്ത് നൽകിയത്. കാർഷിക സർവകലാശാല യോഗം ചേർന്ന് പ്രതിനിധിയെ നൽകേണ്ട എന്ന തീരുമാനം കഴിഞ്ഞ ദിവസം എടുത്തിരുന്നു. യോഗത്തിന് ശേഷം കനത്ത സുരക്ഷയോടുകൂടിയാണ് ഗവർണറുടെ നോമിനികൾ പുറത്തേക്ക് പോയത്. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത് ഉണ്ടായിരുന്നെങ്കിലും പ്രതിഷേധം ഒന്നും ഉയർന്നിരുന്നില്ല.