തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ജയിക്കാന്‍ മിനിമം മുപ്പതു ശതമാനം മാര്‍ക്ക് നിര്‍ബന്ധമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട്. തോല്‍പ്പിച്ചാല്‍ ഗുണനിലവാരം ഉയരില്ലെന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പ്രചാരണ ജാഥയ്‌ക്കൊടുവില്‍ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടിയാണ് തീരുമാനം അറിയിച്ചത്. എട്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളേയും ക്രിസ്‌മസ് പരീക്ഷയിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ പഠന പ്രവര്‍ത്തനം നടത്തി മാര്‍ച്ചില്‍ തന്നെ ഒമ്പതാം ക്ലാസിലേക്ക് പ്രൊമോട്ട് ചെയ്യുമെന്നാണ് മന്ത്രി അറിയിച്ചത്.
ഈ വര്‍ഷം ഓഗസറ്റ് 16 ന് കേരള പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 03/ 2024 നമ്പര്‍ ഉത്തരവിലാണ് ഈ അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസ് പാസാവാന്‍ കുട്ടികള്‍ക്ക് മുപ്പത് ശതമാനം സബ്‌ജക്‌ട് മിനിമം വേണമെന്ന വ്യവസ്ഥ കൊണ്ടു വന്നത്. ഗുണമേന്മ ഉറപ്പ് വരുത്തൽ പരിപാടിക്കായി കൊണ്ടുവന്ന എട്ട് ഇന ഉത്തരവിലെ മൂന്നാം ഇനത്തില്‍ ഈ വര്‍ഷം എട്ടാം ക്ലാസിലും 2025-26 വർഷം ഒൻപതാം ക്ലാസിലും 2026- 27 വർഷം പത്താം ക്ലാസിലും സബ്‌ജക്‌ട് മിനിമം മാർക്ക്, എഴുത്ത് പരീക്ഷയിൽ ലഭിക്കാത്ത കുട്ടികളെ തോൽപ്പിച്ച് വിദ്യാഭ്യാസ ഗുണ നിലവാരം ഉറപ്പു വരുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനെതിരെയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നത്. ഈ ഉദ്യോഗസ്ഥ പരിഷ്‌കാരം പാർശ്വവത്‌കരിക്കപ്പെട്ട കുട്ടികളെ ബാധിക്കും എന്ന നിലപാടായിരുന്നു ഇടത് ആഭിമുഖ്യമുള്ള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റേത്. നവംബർ 14 ന് കാസര്‍കോട് നിന്നാരംഭിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ വിദ്യാഭ്യാസ ജാഥ 300 കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ നടത്തിയ ശേഷം ചൊവ്വാഴ്‌ച തിരുവനന്തപുരത്താണ് സമാപിച്ചത്.
ഇതിന് പിന്നാലെയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷം ഒപ്പുകൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.വിദ്യാഭ്യാസ വാഹന ജാഥയെത്തുടര്‍ന്ന് ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള 10 ഇന കര്‍മ്മപരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ തയാറാക്കി പരിഷത്ത് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിരുന്നു.
നിര്‍ദേശങ്ങള്‍ ഇങ്ങിനെ
ഗുണമേന്‍മ ലക്ഷ്യം വെച്ച് ഈ വർഷം ഉടന്‍ ചെയ്യാവുന്ന ഒരു പരിപാടി എന്ന നിലയിൽ ഡിസംബർ വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്ന ഉടന്‍ കുട്ടികളുടെ പിന്നാക്കാവസ്ഥയുടെ തോതും രീതിയും കണ്ടെത്താൻ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകളിലും അരക്കൊല്ല പരീക്ഷയുടെ ഉത്തരപേപ്പർ വിശകലനം ചെയ്യാവുന്നതാണ്. അതുവഴി പഠനപിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി അവരെ മുന്നോട്ടു കൊണ്ടു വരുന്നതിനുള്ള അക്കാദമികവും മറ്റു തരത്തിലുള്ളതുമായ പിന്തുണാ പാക്കേജ് തയാറാക്കി ക്ലാസ് /സ്കൂൾ തലങ്ങളിൽ പ്രയോഗത്തിൽ കൊണ്ടുവരണം എന്നതായിരുന്നു പ്രധാന നിര്‍ദേശം. ഇത് അംഗീകരിച്ചാണ് സബ്ജക്റ്റ് മിനിമം തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോകാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുമെന്ന് അറിയിച്ചത്.
മത്സര പരീക്ഷകളില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ നിരന്തരം പുറകോട്ട് പോകുന്നത് വിദ്യാഭ്യാസ ഗുണനിലവാരം ഇല്ലാത്തതു കൊണ്ടാണെന്നും എട്ടാം ക്ലാസിലെ വിജയത്തിന് സബ്‌ജക്‌ട് മിനിമം നിര്‍ബന്ധമാണെന്നുമുള്ള നിലപാടിലായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശാസ്ത്ര സാഹിത്യ പരിഷത്തിന് വിമര്‍ശിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനവുമായി മുന്നോട്ടു പോകുമെന്നുമുള്ള നിലപാടായിരുന്നു മന്ത്രിയുടേത്. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ സമാന നിലപാടായിരുന്നു കൈക്കൊണ്ടത്.
'എല്ലാവരേയും ഉള്‍ക്കൊള്ളുന്നതോടൊപ്പം നൂറു ശതമാനം അവസര തുല്യതയും പഠനത്തുടര്‍ച്ചയും ഉറപ്പാക്കുന്ന കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം ഭൗതിക സാഹചര്യങ്ങളില്‍ ആഗോള തലത്തില്‍ത്തന്നെ ഏത് രാജ്യവുമായും കിടപിടിക്കാവുന്ന വലിയ മികവ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഗുണനിലവാരത്തിന്‍റെ പേരില്‍ ഉയര്‍ന്നു വരുന്നത് പ്രതിലോമ പരമായ ചിന്തകളാണ്.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അര നൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അണ്‍ എയ്‌ഡഡ് വിദ്യാഭ്യാസ ലോബികളെ സഹായിക്കാനുള്ള ഉദ്യോഗസ്ഥ ശ്രമമാണോ എന്നും സംശയിക്കുന്നു. പൊതു വിദ്യാഭ്യാസ രംഗത്ത് നിരന്തര മൂല്യ നിര്‍ണയം എല്ലാം കുറ്റമറ്റതാണെന്ന അഭിപ്രായമൊന്നും ശാസ്ത്ര സാഹിത്യ പരിഷത്തിനില്ല. നിരന്തര മൂല്യ നിര്‍ണയത്തില്‍ പോരായ്‌മകളുണ്ടെങ്കില്‍ അത് എങ്ങിനെ മറികടക്കാമെന്ന് ഗവേഷണ മനസോടെ പരിശോധിക്കണം. പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കാണോ ഗുണനിലവാരത്തിന്‍റെ മാനദണ്ഡം എന്ന് നാട് തിരിച്ചറിയണം.
എല്ലാവര്‍ക്കും വേണ്ടിയുള്ള വിദ്യാഭ്യാസം എന്നതില്‍ നിന്ന് ഒരു തിരിച്ചു നടത്തം കേരളത്തിന് ഗുണകരമാവില്ല. നിരന്തര വിലയിരുത്തലിലൂടെ കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് അവരെ കൈപിടിച്ചുയര്‍ത്താനാണ് ശ്രമിക്കേണ്ടത്. പത്തു വര്‍ഷം മുമ്പ് വിദ്യാഭ്യാസ അവകാശ നിയമം വന്നപ്പോല്‍ എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികളേയും ജയിപ്പിക്കണമെന്ന തീരുമാനത്തെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്‌തവരാണ് കേരളം. ഇപ്പോള്‍ ഗുണനിലവാരത്തിന്‍റെ പേരില്‍ മുപ്പത് ശതമാനം മാര്‍ക്ക് കിട്ടാത്തവരെ തോല്‍പ്പിക്കാമെന്ന തീരുമാനം വന്നപ്പോള്‍ കേരളം നിലപാട് മാറ്റുന്നു.
തോല്‍പ്പിക്കല്‍ പത്താം ക്ലാസിനു പകരം എട്ടാം ക്ലാസിലായതു കൊണ്ട് പ്രശ്‌നം തീരില്ല. ഉത്തരവ് വന്നപ്പോള്‍ മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ ചര്‍ച്ചകളുണ്ടാവുമെന്ന് പറഞ്ഞെങ്കിലും പിന്നെ ഞങ്ങളെ ചര്‍ച്ചക്ക് വിളിച്ചിരുന്നില്ല. അരിച്ചു മാറ്റലല്ല ചേര്‍ത്തു പിടിക്കലാണ് ജനാധിപത്യപരം എന്ന് ഓര്‍മിപ്പിക്കാനായിരുന്നു കേരളം മുഴുവന്‍ നീണ്ട 26 ദിവസത്തെ വിദ്യാഭ്യാസ ജാഥ സംഘടിപ്പിച്ചത്' -പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് ടി കെ മീരാഭായി പറഞ്ഞു.
യാന്ത്രികമായി സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയാൽ നിലവിൽ എഴുത്തുപരീക്ഷയിൽ C, D+ ഗ്രേഡുകള്‍ നേടി വിജയിക്കുന്നവർ പരാജയപ്പെടുന്ന സ്ഥിതിയുണ്ടാകും. 2024 ലെ എസ് എസ് എൽ സി പരീക്ഷാഫലാം വിശകലനം ചെയ്താല്‍ ഇവരിൽ ബഹുഭൂരിപക്ഷവും എസ് സി, എസ് ടി, ഒ ഇ സി, ഒബി സി വിഭാഗങ്ങളിൽ പെടുന്നവരാണെന്ന് വ്യക്തമാകും. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരും അതിഥി തൊഴിലാളികളുടെ മക്കളും ഇതില്‍ ഉൾപ്പെടും. സമൂഹത്തിൽ ഏറ്റവുമധികം കൈത്താങ്ങ് ആവശ്യമുള്ള കുട്ടികള്‍ പൊതുധാരയിൽ നിന്ന് അരിച്ചു മാറ്റപ്പെടുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാവുക.ഇടതുപക്ഷ സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണിത്. മിനിമം മാര്‍ക്കോടെ വിദ്യാർഥികളെ ജയിപ്പിച്ചെടുക്കാനള്ള യാന്ത്രികമായ കോച്ചിങ്ങിലേക്ക് പോകാന്‍ സ്കൂളുകള്‍ നിർബന്ധിക്കപ്പെടുന്നത് നിലവിലുള്ള അക്കാദമിക പ്രവർത്തനങ്ങളുടെ നിലവാരത്തെക്കൂടി ബാധിച്ചേക്കാം.ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും ശാസ്ത്ര സാഹിത്യ പരിഷത്ത് ബോധ്യപ്പെടുത്തി.
ഒരു കാലത്ത് കേരളം ആഗ്രഹിച്ച ലക്ഷ്യങ്ങളായിരുന്ന സ്കൂള്‍ പ്രാപ്യതയും പഠനത്തുടര്‍ച്ചയും ഇതിനകം തന്നെ കൈവരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഉന്നതപഠനവും തൊഴില്‍ മേഖലയും ഉയര്‍ന്ന കഴിവുകളുമാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികളില്‍ നിന്ന് സമൂഹം ഇന്ന് ആവശ്യപ്പെടുന്നത്. ഇതിനായിരിക്കണം അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം എന്നതില്‍ മുന്‍ഗണന. സ്കൂളുകളില്‍ എത്തിച്ചേര്‍ന്ന ഓരോ കുട്ടിക്കും സ്വന്തം കഴിവിനും താല്‍പ്പര്യത്തിനും അനുസരിച്ച മേഖലകളിലേക്ക് പ്രവേശിക്കാനുതകുന്ന നിലവാരം എങ്ങിനെനേടിക്കൊടുക്കാമെന്നാണ് കേരളം ചിന്തിക്കേണ്ടത്.ഇത് എഴുത്തു പരീക്ഷയെ മാത്രം ആശ്രയിച്ച് നേടിയെടുക്കാവുന്നതല്ല. പാഠ്യപദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുള്ള പ്രോജക്റ്റും സെമിനാറും അസൈന്‍മെന്‍റും മറ്റ് പ്രായോഗിക പ്രവര്‍ത്തനങ്ങളും സ്കൂളുകളില്‍ നടക്കണം. പഠനത്തോടൊപ്പം നടക്കേണ്ട നിരന്തര വിലയിരുത്തല്‍ ശക്തമാക്കണം. ക്രമത്തില്‍ എഴുത്തു പരീക്ഷയുടെ അളവ് കുറച്ച് പ്രായോഗിക വിലയിരുത്തല്‍ വര്‍ധിപ്പിക്കുന്ന സ്ഥിതി ഉണ്ടാവണമെന്നും പരിഷത്ത് നിര്‍ദേശിക്കുന്നു.
എന്താണ് പരിഷത്ത്, പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ:
അര നൂറ്റാണ്ടിലേറെയായി കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് നിരന്തരം പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങളും ഒക്കെയാണ് സംഘടന നടത്തി വരുന്നത്. 1982 ല്‍ പാഠ്യ പദ്ധതി പരിഷ്‌കരണം അടക്കമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി എങ്ങിനെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ രേഖ സംഘടന പ്രസിദ്ധീകരിച്ചു.
1995 ല്‍ വിദ്യാഭ്യാസ രംഗത്തെ അഴിമതികള്‍ തുറന്ന് കാണിക്കാന്‍ ഡോ അശോക് മിത്ര ചെയര്‍മാനായുള്ള കമ്മിഷനെ നിയോഗിച്ച ശാസ്‌ത്ര സാഹിത്യ പരിഷത്തിന്‍റെ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം എന്ന പേരില്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ ഗുണനിലവാരമുയര്‍ത്താനുള്ള നിരവധി നിര്‍ദേശങ്ങള്‍ ഇടം പിടിച്ചു. കൊവിഡ് കാലത്ത് മക്കള്‍ക്കൊപ്പം എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലാസുകളും സംഘടന ഒരുക്കി. ഇതിനിടയില്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഡിപിഇപി പദ്ധതിയുടെ പേരില്‍ വലിയ വിമര്‍ശനവും പരിഷത്ത് ഏറ്റുവാങ്ങി.
Also Read: യുപി സര്‍ക്കാരിന് തിരിച്ചടി; മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി
ഇടത് ആഭിമുഖ്യമുള്ള സംഘടനയാണെങ്കിലും ഇടതുമുന്നണി സര്‍ക്കാരുകളുടെ പല പദ്ധതികളേയും തുറന്നെതിര്‍ക്കുന്നതില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് മടികാട്ടിയിരുന്നില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന പ്രഖ്യാപിച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയും നേരത്തേ അതിശക്തമായ എതിര്‍പ്പ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയര്‍ത്തിയിരുന്നു. കെ റെയില്‍ പദ്ധതി കേരളത്തിനുണ്ടാക്കാവുന്ന പാരിസ്ഥിതികാഘാതം തലമുറകള്‍ക്ക് താങ്ങാനാവില്ലെന്ന നിലപാടായിരുന്നു പരിഷത്തിന്. മുമ്പ് സൈലന്‍റ് വാലി പദ്ധതിക്കെതിരേയും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയും പരിഷത്ത് എടുത്ത നിലപാടുകള്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സമ്പൂര്‍ണ സാക്ഷരത യജ്ഞം, ജനകീയാസൂത്രണം തുടങ്ങിയ പദ്ധതികള്‍ക്ക് പിന്നിലെ ആശയവും ശാസ്‌ത്ര സാഹിത്യ പരിഷത്തിന്‍റേതായിരുന്നു.