എറണാകുളം: കേരള സ്‌റ്റോറി സിനിമയുടെ പ്രദർശനം വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ദൂരദർശനിൽ കേരള സ്‌റ്റോറിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ ജി സൂരജ് ഹർജി നൽകിയിരുന്നു. ഇതേ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അഭിപ്രായം ആരാഞ്ഞിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതി മുൻപാകെ നിലപാട് വ്യക്തമാക്കിയത്.
സിനിമ പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിലെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനടക്കം ഇ മെയിൽ അയച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടികൾക്ക് കാത്തുനിൽക്കാതെ ഹൈക്കോടതിയെ സമീപിച്ചതിനാൽ ഹർജിയിൽ ഇടപെടനാകില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിലപാട് തേടുകയായിരുന്നു.
2023 മെയ് മാസം ഇറങ്ങിയ സിനിമ യൂട്യൂബിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും കാണാൻ സാധിക്കും. രാഷ്ട്രീയ നേതാക്കളുടെയും സ്ഥാനാർഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ-റിലീസ് ചെയ്‌ത സിനിമകളുമായി ബന്ധപ്പെട്ട പരാതികൾ മുൻകാലങ്ങളിൽ പരിഗണിച്ചിട്ടുണ്ട്. എന്നാൽ അത്തരം സിനിമകളുടെ വിഭാഗത്തിലോ, പരിധിയിലോ കേരള സ്‌റ്റോറി പെടുന്നതല്ലെന്നും അതിനാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചത്.