തിരുവനന്തപുരം : ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും കേരള സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്‍റുമായ പത്‌മിനി തോമസ് ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. താൻ ബിജെപിയിൽ ചേരുമെന്ന് പത്‌മിനി തോമസ് ഇടിവി ഭാരതിനോട് സ്ഥിരീകരിച്ചു. കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ല. അതൃപ്‌തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം വിഷയത്തില്‍ കൂടുതൽ പ്രതികരിക്കാമെന്നും പത്‌മിനി തോമസ് പറഞ്ഞു.
കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായി പത്‌മിനി തോമസ് പ്രവർത്തിച്ചിട്ടുണ്ട്. പത്‌മജ വേണുഗോപാലിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കൂടി പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാവിലെ 11 മണിക്ക് എൻഡിഎ തിരുവനന്തപുരം പാർലമെന്‍റ് തെരഞ്ഞെടുപ്പ് കാര്യ സമിതിയിൽവച്ച് പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം ഏതൊക്കെ നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേരുമെന്ന് പത്‌മിനി തോമസ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
1982ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെങ്കലവും 4 x 400 മീറ്റർ റിലേയിൽ വെള്ളിയും നേടിയിട്ടുണ്ട്. എൻഐഎസ് ഡിപ്ലോമ നേടി റെയിൽവേ ടീമിന്‍റെ പരിശീലകയായും പ്രവർത്തിച്ചിട്ടുണ്ട്. അർജുന അവാർഡും ജി വി രാജ അവാർഡും നേടിയിട്ടുണ്ട്.