എറണാകുളം: ഒളിമ്പിക്‌സ് മാതൃകയിലുള്ള കേരള സ്‌കൂള്‍ കായിക മേളയ്‌ക്ക് ഇന്ന് തിരിതെളിയും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടിയാണ് സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രിക്കൊപ്പം കായികമേള ബ്രാൻഡ് അംബാസഡര്‍ ഒളിമ്പ്യൻ പിആര്‍ ശ്രീജേഷും ചേര്‍ന്ന് ദീപശിഖ തെളിയിക്കുന്നതോടെയാണ് മേളയ്ക്ക് തുടക്കമാകുന്നത്. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ട്രോഫി ദീപശിഖ റാലി പ്രയാണം ഉച്ചയ്‌ക്ക് രണ്ടിനാണ് ആരംഭിക്കുക. 2500 കുട്ടികള്‍ ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കും.
ജോസ് ജങ്ഷൻ, എംജി റോഡ് വഴിയാണ് പ്രയാണം ഉദ്ഘാടന വേദിയായ മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തുന്നത്. പിന്നാലെ കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും നടക്കും. വൈകുന്നേരം 4.45 ഓടെയാണ് ദീപശിഖ കൊളുത്തുന്നത്. പിന്നാലെ പ്രതിജ്ഞയ്ക്ക് ശേഷമാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുന്നത്.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ 4000 കുട്ടികൾ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികൾ നടക്കും. പിടി ഡിസ്പ്ലേ, കലസ്തെനിക്‌സ്, എയ്റോബിക്‌സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയ വിവിധയിനം പരിപാടികള്‍ വേദിയിലേക്ക് എത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രജിസ്ട്രേഷൻ നടപടികൾ
രജിസ്ട്രേഷൻ നടപടിക്രമങ്ങള്‍ക്കായി 20 കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മുതലാണ് നടപടികള്‍ ആരംഭിച്ചത്. നാളെ (നവംബര്‍ 5) നടക്കുന്ന മത്സരങ്ങളുടെ രജിസ്‌ട്രേഷനാണ് ആദ്യ ദിനം. നാളെ രാവിലെ 7 മണി മുതല്‍ 17 പ്രധാന വേദികളിലും രജിസ്‌ട്രേഷൻ തുടങ്ങും. എറണാകുളം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രധാന ഓഫിസ് പ്രവർത്തിക്കുന്നത്.
2590 ട്രോഫികൾ
എറണാകുളം എസ് ആർ വി സ്‌കൂളിലാണ് മത്സര വിജയികൾക്ക് വിതരണം ചെയ്യുന്നതിനുള്ള 2590 ട്രോഫികൾ സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്ന് ഇന്ന് ഉച്ചയോടെ ഇവ ഓരോ വേദികളിലേക്കുമെത്തിക്കും. കോലഞ്ചേരി, കോതമംഗലം, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, എറണാകുളം എന്നിങ്ങനെ അഞ്ച് മേഖലകളിലായി തിരിച്ചാണ് ട്രോഫികൾ എത്തിക്കുക. അത്ലറ്റിക്‌സ് ഇനങ്ങൾക്ക് നൽകുന്ന ട്രോഫികൾ മഹാരാജാസ് ഗ്രൗണ്ടിലെ വേദിയിൽ പ്രത്യേകമായി പ്രദർശിപ്പിക്കും.
ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തും
കുട്ടികള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാൻ എല്ലാ വേദികളിലും മെഡിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോ ഓഡിനേറ്റർമാരുടെ സംഘം പ്രവർത്തിക്കും. മുഴുവൻ വേദികളിലും ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. അലോപ്പതി , ആയൂർവേദ, ഹോമിയോപ്പതി സേവനം ഉറപ്പാക്കി ഫിസിയോ തെറാപ്പിസ്റ്റുകളുടെയും, സ്പോർട്‌സ് ആയൂർവേദയുടെയും ടീം കുട്ടികളുടെ സുരക്ഷക്കായി പ്രവർത്തിക്കും.
താരങ്ങളുടെ പ്രാഥമിക ചികിത്സ ആവശ്യങ്ങള്‍ക്ക് ഫസ്റ്റ് എയ്‌ഡ് കിറ്റ്, ബെഡ്, സ്‌ട്രച്ചര്‍, വീല്‍ ചെയര്‍ എന്നിവ സജ്ജമാക്കും. 'ഒരു ലക്ഷം- ഒരു ലക്ഷ്യം' എന്ന നേത്രദാന പദ്ധതിയുടെ നേരിട്ടുള്ള രജിസ്ട്രേഷനും ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ വേദികളിൽ ഒരുക്കും. ഭിന്നശേഷിക്കാരായ നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കായിക മേളയിൽ അവർക്കാവശ്യമായ മെഡിക്കൽ സൗകര്യങ്ങളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.
മഹാരാജാസ്, കടവന്ത്ര എന്നീ സ്ഥലങ്ങളിൽ കായിക താരങ്ങൾക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചായ, ലൈംടീ എന്നിവയും നൽകും.
പഴുതടച്ച സുരക്ഷ
കായിക മേളയുടെ സുരക്ഷ ഉറപ്പറക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി വിമലാദിത്യ അറിയിച്ചു. മേളയുടെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്താൻ എക്സൈസിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ 40 സ്പെഷ്യൽ സ്ക്വാഡുകളും രംഗത്തുണ്ടാകും. കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.
ഹരിത മേള
മേളയുടെ വിവിധ വേദികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് പ്രധാന അധ്യാപകർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. എൻ എസ് എസ് വോളൻ്റിയർമാർ ഉൾപ്പടെ 14 വോളൻ്റിയർമാർ ഓരോ വേദിയിലുമുണ്ടാകും. ഓരോ വേദിയിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമ്മസേനയുടെ സേവനവുമുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ ബോർഡുകൾ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട്.
Also Read : കായിക കേരളം കൊച്ചിയിലേക്ക്; സ്‌കൂൾ ഒളിമ്പിക്‌സിന് ട്രാക്കുണരാന്‍ മണിക്കൂറുകൾ മാത്രം