കോഴിക്കോട്: മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏർപ്പാടാക്കാൻ ബാറുകൾക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നിർദേശം. എൻഫോഴ്സ്മെൻ്റ് ആർടിഒ ആണ് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലറും പുറത്തിറക്കി. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്‌സിനോട് നിർദേശം നൽകണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്‌സിന്‍റെ വിവരങ്ങൾ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണം. ഡ്രൈവർമാരെ നൽകുന്നതിന്‍റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും എംവിഡി സർക്കുലറിൽ വ്യക്തമാക്കി. മദ്യപിച്ച് വാഹനം ഓടിച്ചിട്ട് ഉണ്ടാകുന്ന അപകടങ്ങൾ പെരുകുകയും പുതുവത്സര ആഘോഷം മുന്നിൽ കണ്ടുമാണ് പുതിയ നിർദേശം.
ഗതാഗത നിയമ ലംഘനങ്ങൾക്ക് നോട്ടിസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാന്‍ ലക്ഷ്യമിട്ട് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധനയുടെ ഭാഗമായാണ് തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളിൽ നടത്തുന്ന സംയുക്ത പരിശോധനകളിൽ ആയിരക്കണക്കിന് നിയമ ലംഘനങ്ങളാണ് ഒറ്റ ദിവസം കൊണ്ട് മാത്രം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ദേശീയപാത കേന്ദ്രീകരിച്ചാണ് ചെക്കിങ് നടത്തുന്നത്. റോഡുകളിലൂടെ പോകുന്ന നൂറ് വാഹനങ്ങളിൽ 10 എണ്ണമെങ്കിലും നിയമം പാലിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. അപകട മേഖലകൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പരിശോധന നടത്തുന്നത്.
അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക തുടങ്ങിയവക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാ ബോധമുള്ളവരാക്കി അപകടങ്ങൾ കുറക്കുന്നതിനുള്ള ബോധവൽകരണ പരിപാടികളും പരിശോധനയുടെ ഭാഗമായി നടക്കും.
Also Read: കൂടരഞ്ഞിയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു; 6 വയസുകാരിയ്ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്