തിരുവനന്തപുരം: സംസ്ഥാനം മാത്രമല്ല, രാജ്യം തന്നെ ഉറ്റു നോക്കുന്ന തിരുവനന്തപുരം ലോക്‌സഭ മണ്ഡലം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മൂന്നു മുന്നണികളും അങ്കലാപ്പിലാണ്. ജയം ആര്‍ക്കെന്ന് പ്രവചിക്കാനാകാത്ത തരത്തിലുള്ള കാടിളക്കിയുള്ള പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തിയത്. പൂര്‍ണമായും നഗര കേന്ദ്രീകൃത മണ്ഡലമല്ലാത്ത തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, പാറശാല, കോവളം മണ്ഡലങ്ങള്‍ പൂര്‍ണമായും ഗ്രാമീണ മേഖലയിലാണ്.
വിശ്വപൗരനും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ ശശി തരൂരും, കേന്ദ്ര മന്ത്രിയും വ്യവസായിയും ടെക്‌നോ ക്രാറ്റുമായ രാജീവ് ചന്ദ്രശേഖറും മത്സര രംഗത്തെത്തിയതോടെ രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലമായി തിരുവനന്തപുരം മാറി. സിറ്റിങ് എംപി ശശി തരൂര്‍ 15 വര്‍ഷം തലസ്ഥാനത്തിനു വേണ്ടി ഒന്നും ചെയ്‌തില്ലെന്ന വാദമുയര്‍ത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനും കളം പിടിക്കുന്നതെങ്കില്‍, 2009 മുതല്‍ 24 വരെ തലസ്ഥാനത്തിനായി ചെയ്‌ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് തരൂരിന്‍റെ തിരിച്ചടി. അതുകൊണ്ടു തന്നെ പ്രചാരണത്തില്‍ ആര് പിന്നില്‍, ആര് മുന്നില്‍ എന്നു പറയാനാകാത്ത സ്ഥിതി. മൂന്നു പേരും കട്ടയ്ക്കു കട്ട.
തരൂര്‍ ഉയര്‍ത്തുന്ന വികസന നേട്ടങ്ങള്‍: തരൂരിന്‍റെ വികസന നേട്ടങ്ങളില്‍ പ്രഥമ സ്ഥാനം വിഴിഞ്ഞം തുറമുത്തിനാണ്. തെക്കന്‍ കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തു കഴിഞ്ഞു. 2015 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ താന്‍കൂടി മുന്‍കൈ എടുത്താണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതെന്ന തരൂരിന്‍റെ അവകാശവാദത്തില്‍ കഴമ്പില്ലാതില്ല. ഇടതും ബിജെപിയും തുറമുഖത്തില്‍ പല അവകാശവാദങ്ങളും മുന്നോട്ടു വയ്ക്കുക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വാഭാവികം.
![KERALA LOK SABHA ELECTION 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് THIRUVANANTHAPURAM LOK SABHA ELECTION 2024](https://etvbharatimages.akamaized.net/etvbharat/prod-images/24-04-2024/21298094_tharoor.jpg)
കഴക്കൂട്ടം-കാരോട് ദേശീയ പാതാ വികസനം, ദേശീയ പാത കഴക്കൂട്ടം-മുക്കോല ഒന്നാം റീച്ച്, മുക്കോല-കാരോട് രണ്ടാം റീച്ച്, 21.8 കോടി രൂപയുടെ പ്രധാനമന്ത്രി ഗ്രാമീണ്‍ സഠക് യോജന, 497 കോടി രൂപയുടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ വികസനം, തിരുവനന്തപുരത്തു നിന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പത്തോളം പുതിയ ട്രെയിനുകള്‍, തിരുവനന്തപുരത്തേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍, നേമം, കൊച്ചുവേളി, കഴക്കൂട്ടം, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശാല റെയില്‍ വേസ്‌റ്റേഷനുകളുടെ വികസനം ഇവയൊക്കെയാണ് തരൂര്‍ സുപ്രധാന വികസന നേട്ടങ്ങളായി ഉയര്‍ത്തുന്നത്.
എല്ലാറ്റിനുമുപരി നരേന്ദ്ര മോദി, സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റില്‍ നടത്തിയ ഇടപെടലുകളില്‍ തിരുവനന്തപുരത്തെ മതേതര മനസ് സംതൃപ്‌തമാണെന്ന് തരൂര്‍ വിശ്വസിക്കുന്നു. നാലാമതൊരങ്കത്തിനിറങ്ങാന്‍ തരൂരിനെ പ്രേരിപ്പിച്ച ഘടകവും മത്സരരംഗത്ത് ആവേശ പൂര്‍വ്വം മുന്നേറാനുളള അത്മ വിശ്വാസം അദ്ദേഹത്തിനു നല്‍കുന്നതും ഇതാണ്. തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകളുടെ കേന്ദ്രീകരണം തിരുവനന്തപുരത്തുണ്ടാകുകയും അത് തനിക്കനുകൂലമാകുകയും ചെയ്യുമെന്ന ശുഭ പ്രതീക്ഷയിലാണ് തരൂര്‍. പക്ഷേ 15 വര്‍ഷത്തെ ആവര്‍ത്തന വിരസത ചില മേഖലകളിലെങ്കിലും ദൃശ്യമാണെങ്കിലും അത് പുതു വോട്ടര്‍മാരിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ഇനി കാര്യം നടക്കുമെന്നവകാശപ്പെട്ട് രാജീവ് ചന്ദ്രശേഖർ: കേരളത്തിന്‍റെ തലസ്ഥാനമുള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ 15 വര്‍ഷം തരൂര്‍ പിന്നിലേക്കു കൊണ്ടു പോയെന്നാണ് കേന്ദ്ര ഐടി മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിന്‍റെ ആരോപണം. തിരുവനന്തപുരത്തിന് ഒരു വിഷന്‍ ഡോക്യുമെന്‍റു പോലും കൊണ്ടു വരാന്‍ തരൂരിനായില്ല.
![KERALA LOK SABHA ELECTION 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് THIRUVANANTHAPURAM LOK SABHA ELECTION 2024](https://etvbharatimages.akamaized.net/etvbharat/prod-images/24-04-2024/21298094_rajeev-chandrasekhar.jpg)
അതിനാല്‍ ഇനി കാര്യം നടക്കുമെന്ന തലവാചകം പോസ്റ്ററുകളിലും ബാനറുകളിലും പതിപ്പിച്ചാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. തുടക്കത്തില്‍ സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വ്യക്തിത്വം എന്ന നിലയിലുള്ള ചെറിയ നിസംഗത അണികള്‍ക്കുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ ആലസ്യം വിട്ടുണര്‍ന്ന് ഊര്‍ജ്ജസ്വലമായത് ബിജെപി ക്യാമ്പില്‍ ആഹ്ളാദമുയര്‍ത്തുന്നു. തിരുവനന്തപുരത്തിന് മുംബൈ മാതൃകയില്‍ സബര്‍ബന്‍ ട്രെയിന്‍, മെട്രോ റെയില്‍ തുടങ്ങിയ വമ്പന്‍ പദ്ധതികളാണ് രാജീവ് ചന്ദ്രശേഖറിന്‍റെ വാഗ്‌ദാനം.
ശതകോടീശ്വരന്‍മാര്‍ക്കിടയിലെ സാധാരണക്കാരനായി പന്ന്യന്‍ രവീന്ദ്രന്‍: 2005 മുതല്‍ 2009 വരെ തിരുവനന്തപുരത്തിന്‍റെ എംപിയായിരുന്ന പന്ന്യന്‍ തലസ്ഥാനത്തിന് അന്യനല്ല. സിപിഐ നേതാവ് എന്ന നിലയില്‍ അദ്ദേഹം തന്‍റെ കര്‍മ്മ മണ്ഡലം തിരുവനന്തപരത്തേക്ക് മാറ്റിയിട്ട് വര്‍ഷങ്ങളായി. പിന്നെ ലളിത ജീവിതത്തിനുടമയും സാധാരണക്കാരനും.
![KERALA LOK SABHA ELECTION 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് THIRUVANANTHAPURAM LOK SABHA ELECTION 2024](https://etvbharatimages.akamaized.net/etvbharat/prod-images/24-04-2024/21298094_pannyan.jpg)
മറ്റ് രണ്ടു സ്ഥാനാര്‍ഥികള്‍ക്കിടയില്‍ പന്ന്യന്‍ സ്വീകാര്യനാകുന്നത് ഇവിടെയാണ്. 4 വര്‍ഷക്കാലം ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതു പക്ഷം പിന്തുണയ്ക്കുന്ന കാലത്തായിരുന്നു പന്ന്യന്‍റെ ലോക്‌സഭ കാലം എന്നതു കൊണ്ടു തന്നെ എണ്ണം പറഞ്ഞ വികസന പദ്ധതികള്‍ അക്കാലത്ത് തലസ്ഥാനത്തിനായി കൊണ്ടു വരാന്‍ കഴിഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ രാജീവ് ഗാന്ധി ബയേടെക്‌നോളജി സെന്‍ററിന്‍റെ രണ്ടാം ഘട്ട വികസനം, തിരുവനന്തപുരം വിമാനത്താവളത്തോടു ചേര്‍ന്ന് എയര്‍ ഇന്ത്യ ഹാങ്ങര്‍ യൂണിറ്റ്, തിരുവനന്തപുരം, നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനം എന്നിവ തന്‍റെ കാലത്ത് നടപ്പിലാക്കിയത് അദ്ദേഹം എടുത്തു പറയുന്നു.
ശക്തമായ അടിയൊഴുക്ക് പ്രകടം: തീരമേഖലയും മലയോര മേഖലയും നഗര മേഖലയും ഉള്‍പ്പെടുന്ന തിരുവനന്തപുരത്ത് അടിയൊഴുക്കുകളായിരിക്കും ജയപരാജയങ്ങള്‍ നിശ്ചയിക്കുക എന്ന കാര്യം ഉറപ്പാണ്. ലത്തീന്‍ സഭയ്ക്ക് മണ്ഡലത്തിലെ നാലോളം നിയമസഭ നിയോജക മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ട്. കാത്തോലിക്കാ സഭ, സിഎസ്‌ഐ, സീറോ മലങ്കര സഭകള്‍ക്കും കാര്യമായ വോട്ടുണ്ട്. കഴക്കൂട്ടം, തിരുവനന്തപുരം, നേമം, കോവളം മണ്ഡലങ്ങളില്‍ മുസ്‌ലിം വിഭാഗങ്ങളുടെ സ്വാധീനവും എടുത്തു പറയേണ്ടതാണ്. ഈ രണ്ടു ന്യൂനപക്ഷ സമുദായങ്ങളുടെ ഏകീകരണമുണ്ടായാല്‍ വിജയം യുഡിഎഫിനൊപ്പം നില്‍ക്കും.
ശശി തരൂര്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും അതായിരുന്നു സാഹചര്യം. മുന്‍പ് നേമം നിയമസഭ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ മേല്‍ക്കൈ ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി അതു ദൃശ്യമല്ല. പരസ്യമായി രംഗത്തില്ലെങ്കിലും ചങ്ങനാശേരിയില്‍ നിന്നുള്ള എന്‍എസ്എസ് പിന്തുണ തരൂരിനാണ്. പക്ഷേ അതിനര്‍ത്ഥം സമുദായമൊന്നടങ്കം തരൂരിനെ പിന്തുണയ്ക്കുമെന്നല്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തു ഭരണ വിരുദ്ധ വികാരമുണ്ടെന്നും അത് അനുകൂലമായി മാറുമെന്നും യുഡിഎഫും ബിജെപിയും വിശ്വസിക്കുന്നുണ്ടെങ്കിലും ബിജെപി-സിപിഎം ഒത്തുകളിയെന്ന യുഡിഎഫ് ആരോപണം തിരിച്ചടിക്കുമോ എന്ന ഭയം ഇരു കൂട്ടര്‍ക്കുമുണ്ട്. കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരുടെ ലോകസ്ഭയിലെ ആവശ്യം, കേന്ദ്ര അവഗണ, യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്‍റിലെ മോശം പ്രകടനം ഇതൊക്കെയാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷകള്‍. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്നും അവര്‍ അവകാശപ്പെടുന്നു. ഏതു തുണയ്ക്കും ഏതു തിരിച്ചടിക്കും എന്നറിയാന്‍ ജൂണ്‍ 4 വരെ കാത്തിരിക്കുക തന്നെ.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം:
- ഡോ. ശശി തരൂര്‍ (യുഡിഎഫ്)- 4,16,131 വോട്ട്
- കുമ്മനം രാജശേഖരന്‍ (എന്‍ഡിഎ)- 3,16,142 വോട്ട്
- സി ദിവാകരന്‍ (എല്‍ഡിഎഫ്)- 2,58,556 വോട്ട്
ശശി തരൂര്‍ 99,989 വോട്ടുകള്‍ക്ക് വിജയിച്ചു
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ സീറ്റുകള്‍: നെയ്യാറ്റിന്‍കര, പാറശാല, കോവളം, നേമം, തിരുവനന്തപുരം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം
2024 ലെ മുന്നണി സ്ഥാനാര്‍ഥികള്‍:
- ഡോ.ശശി തരൂര്‍-യുഡിഎഫ്
- പന്ന്യന്‍ രവീന്ദ്രന്‍-എല്‍ഡിഎഫ്
- രാജീവ് ചന്ദ്രശേഖരന്‍-എന്‍ഡിഎ