തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേക്ക് ഹോൾഡേഴ്‌സുമായി കൂടിക്കാഴ്‌ച നടത്തി എക്സൈസ് മന്ത്രി എംബി രാജേഷ്. ഡിസ്റ്റിലറി, ബാർ ഹോട്ടൽ സംഘടന ഭാരവാഹികള്‍ എന്നിവരുമായി നിയമസഭയിലെ 610 ആം മുറിയില്‍ വച്ചായിരുന്ന കൂടിക്കാഴ്‌ച. ഡ്രൈ ഡേ ഒഴിവാക്കണം, ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സ്റ്റേക്ക് ഹോള്‍ഡോഴ്‌സ് മുന്നോട്ടുവച്ചത്.
സംഘടന ഭാരവാഹികളുടെ നിർദേശങ്ങൾ മന്ത്രി പരിഗണിക്കുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മദ്യ നയവുമായി ബന്ധപ്പെട്ടുള്ള ബാറുടമകളുടെ സംഘടന നേതാവിന്‍റെ ശബ്‌ദ സന്ദേശം പുറത്ത് വന്നതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കവേയാണ് മന്ത്രിയുടെ കൂടിക്കാഴ്‌ച. ഇതുസംബന്ധിച്ച് ഇന്നലെയാണ് (ജൂണ്‍ 12) പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചത്.
അതേസമയം പ്രതിപക്ഷത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്റ്റേക്ക് ഹോൾഡർമാരുമായി മന്ത്രി തന്നെ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയത്.