എറണാകുളം: സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിലെ മദ്യ- ലഹരി ഉപയോഗത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. റിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം പരിശോധിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദേശം. കേസെടുക്കാവുന്ന കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും വ്യക്തമായെന്ന് ഹൈക്കോടതി പറഞ്ഞു.
നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കേസുമായി മുന്നോട്ടു പോകാൻ താത്‌പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്നും അതിജീവിതകളുടെ പേര് ഒരു കാരണവശാലും പുറത്തുപോകരുതെന്നും അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നൽകി.
പ്രഥമ വിവര റിപ്പോർട്ടിലും, പ്രാഥമികാന്വേഷണ റിപ്പോർട്ടിലും അതിജീവിതകളുടെ പേര് മറയ്ക്കണം, എഫ്ഐആറിൻ്റെ പകർപ്പ് പരാതിക്കാർക്ക് മാത്രമേ നൽകാവൂയെന്നും ഹൈക്കോടതി നിർദേശിച്ചു. അതിനിടെ ഹൈക്കോടതിയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധിക സത്യവാങ്മൂലം നൽകി.
സിനിമ ലൊക്കേഷനുകളില്‍ നിലവിലുള്ള ഐസിസികള്‍ക്ക് നിയമ സാധുതയില്ല. പോഷ് നിയമപ്രകാരം ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ അധികാരം പരിമിതമാണ്. തൊഴിലിടങ്ങളിലെ അതിക്രമം തടയുന്നതില്‍ നിയമ ഭേദഗതി വേണമെന്നും വനിത കമ്മിഷന്‍ അധിക സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ലൈംഗിക അതിക്രമം തടയുന്ന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പോഷ് നിയമത്തിന് അനുസൃതമായി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും വനിത കമ്മിഷൻ വ്യക്തമാക്കി.
Also Read: കേരളം ഭരിക്കുന്നത് സ്ത്രീവിരുദ്ധ സര്‍ക്കാരെന്ന് അടിവരയിട്ടിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്ത്രീകളെ വഞ്ചിച്ചുവെന്ന് കെകെ രമ