തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് പരിഗണനയ്ക്ക് പോലുമെടുക്കില്ലെന്ന നിലപാടിലൂടെ ഈ സര്‍ക്കാര്‍ തികച്ചും സ്ത്രീ വിരുദ്ധ സര്‍ക്കാരാണെന്ന് അടിവരയിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞാണ് ഇന്ന് പ്രതിപക്ഷത്തിന്‍റെ നോട്ടിസ് സ്‌പീക്കര്‍ തള്ളിയത്. അങ്ങനെയെങ്കില്‍ കേരളത്തിലെ വിവിധ കോടതികളുടെ പരിഗണനയിലിരിക്കേ എത്ര തവണ സോളാര്‍ വിഷയം ഇതേ നിയമസഭ ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കാത്ത സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ നോട്ടിസ് പരിഗണിക്കാന്‍ പോലും തയ്യാറല്ല. ഇക്കാര്യം ചോദ്യത്തിലൂടെ ഉന്നയിച്ചപ്പോള്‍ ചോദ്യത്തിലൂടെ മറുപടി പറയാന്‍ കഴിയില്ലെന്നും സബ്‌മിഷനായോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കൊണ്ടു വരണമെന്നാണ് അന്ന് സ്‌പീക്കര്‍ പറഞ്ഞത്. ഇപ്പോള്‍ ചോദ്യം ചോദിക്കാനോ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനോ സ്‌പീക്കര്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിലെ സ്ത്രീകളെ ഇത്രയേറെ ബാധിക്കുന്ന ഒരു വിഷയം ഈ നിയമസഭയിലല്ലാതെ മറ്റെവിടെയാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ നിയമസഭ കൗരവസഭായി മാറുകയാണോ എന്ന് ചോദിക്കാതെ നിവൃത്തിയില്ലാതായിരിക്കുന്നു. ഈ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറയുന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ്. സാധാരണ ഗതിയില്‍ റിപ്പോര്‍ട്ട് പുറത്ത് കൊടുക്കുകയാണെങ്കില്‍ ഇത് സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ച് വേണം പുറത്ത് കൊടുക്കാന്‍ എന്നാണ് ജസ്റ്റിസ് ഹേമ തന്നെ ഈ റിപ്പോര്‍ട്ടിന്‍റെ അവസാനം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
എന്നിട്ട് ഇത് പുറത്തുകൊടുക്കരുതെന്ന് മന്ത്രി ഈ സഭയെ തെറ്റിധരിപ്പിച്ചു. മുഖ്യമന്ത്രിയാണ് ആദ്യം ഇക്കാര്യം പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിച്ചത്. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കണ്ടെത്തലുകളുള്ള ഒരു റിപ്പോര്‍ട്ട് നാലര വര്‍ഷക്കാലം സര്‍ക്കാര്‍ കയ്യില്‍ വച്ചു. ഒരു ലൈംഗിക കുറ്റകൃത്യം നടന്നുവെന്നറിഞ്ഞ ശേഷവും അതൊളിച്ചു വച്ചു എന്നതുതന്നെ ആറ് മാസം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ക്രിമിനല്‍ കുറ്റമാണ് ഈ സര്‍ക്കാരും സിനിമ മന്ത്രിയും ചെയ്‌തിരിക്കുന്നത്.
ഇപ്പോള്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് മൊഴി നല്‍കാന്‍ ആരും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ വരുന്നില്ലെന്നാണ്. എന്ത് വിശ്വസിച്ച് ഇരകള്‍ സര്‍ക്കാരിന് മുന്നില്‍ മൊഴി നല്‍കാനെത്തുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ആദ്യം മുതല്‍ ഈ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമുള്ള നിലപാടാണ് എടുത്തിരിക്കുന്നത്. അതല്ല ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും എന്നൊരു വാക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ മൊഴി നല്‍കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമായിരുന്നു. ഇത്രയും ഗൗരവമായ ഒരു വിഷയം കേരള നിയമസഭ ചര്‍ച്ച ചെയ്‌തില്ലെന്നത് നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനണ് പ്രതിപക്ഷം ഇന്ന് പ്രമേയം കൊണ്ടുവന്നതെന്ന് പ്രമേയത്തിന് നോട്ടിസ് നല്‍കിയ കെകെ രമ പറഞ്ഞു. ഈ സര്‍ക്കാര്‍ കേരളത്തിലെ സ്ത്രീകളെ വഞ്ചിച്ചിരിക്കുകയാണെന്നും കെകെ രമ കുറ്റപ്പെടുത്തി.
Also Read: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പ്രമേയം പാസാക്കി കേരളം; അഭിനന്ദിച്ച് വൃന്ദാകാരാട്ട്