എറണാകുളം : വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം. ആവശ്യമെങ്കിൽ നോട്ടിസ് അയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാറിനുളളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയതുമായി ബന്ധപ്പെട്ട് യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും പരിഹാസരൂപേണ ഇയാൾ വീഡിയോ പങ്കുവച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചത്.
വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ കോടതിയെ അറിയിക്കണം. ആവശ്യമെങ്കിൽ വ്ലോഗർമാർക്ക് നോട്ടിസയച്ച് നടപടി സ്വീകരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് നൽകിയത്. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ സർക്കാർ പാലിച്ചില്ല. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയവർക്കെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
സാമൂഹിക മാധ്യമങ്ങളിൽ വ്ലോഗർമാർ പോസ്റ്റ് ചെയ്‌ത വീഡിയോകളില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് കോടതി അറിയിച്ചു. ഗതാഗത കമ്മിഷണർ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഫ്ലാഷ് ലൈറ്റുകള്‍ അപകടത്തിന് കാരണമാകുന്നുവെന്നും മാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി എടുത്തു പറഞ്ഞു.
2023 മുതൽ പരിഗണനയിലുള്ള സ്വമേധയായെടുത്ത ഹർജിയിലാണ് കോടതിയുടെ നടപടി. വിഷയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജൂൺ 13ന് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ ഇടക്കാല ഉത്തരവിനു പുറമേ ചില നിർദേശങ്ങൾ കൂടി വാഹനം രൂപമാറ്റം വരുത്തുന്നതിൽ ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച പുറപ്പെടുവിച്ചിരുന്നു. ഓടുന്ന വാഹനത്തിൽ ഡ്രൈവർ കാബിനിലിരുന്നു വീഡിയോ പകർത്തുന്ന വ്ലോഗർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കണം എന്നതടക്കമായിരുന്നു നിർദേശങ്ങൾ.