എറണാകുളം: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന പൊലീസ് നിർദേശത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. എന്ത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ നടപടിയെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപടിക്കാധാരമായ രേഖകൾ വെള്ളിയാഴ്‌ച ഹാജരാക്കാനും കോടതി നിർദേശം നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഫോർട്ട് കൊച്ചി വെളി മൈതാനത്തെ പുതുവത്സരാഘോഷ പരിപാടിയുടെ സംഘാടകരായ 'ഗാല ഡി ഫോർട്ട്' കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും സുരക്ഷ ഒരുമിച്ചൊരുക്കാൻ ബുദ്ധിമുട്ടാണെന്നും ക്രമസമാധാനം പ്രശ്‌നമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. മുൻകരുതലുകൾ എടുത്തുവെങ്കിൽ അനുമതി നൽകിക്കൂടെ എന്ന് കോടതി ചോദിച്ചെങ്കിലും ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
അതേസമയം പപ്പാഞ്ഞിയെ നീക്കം ചെയ്യാനുള്ള നോട്ടിസ് നൽകാൻ പൊലീസിന് അധികാരം ഇല്ലെന്ന് ഹർജിക്കാരും വാദിച്ചു. എല്ലാ വകുപ്പുകളില്‍ നിന്നും ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. ഈ അനുമതികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു.
എന്ത് ചട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്നത് വിശദമാക്കാൻ പൊലീസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയാൽ തന്നെ എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ എന്ത് ചെയ്യുമെന്ന ആശങ്കയും കോടതി പങ്കുവെച്ചു. വിഷയം വെള്ളിയാഴ്‌ച കോടതി വീണ്ടും പരിഗണിക്കും.
Also Read: മണ്ഡലകാല ഭജനയ്ക്കിടെ കരോൾ എത്തി; പിന്നെ കേക്ക് മുറിച്ച് ക്രിസ്‌മസ് ആഘോഷം