എറണാകുളം : കുറ്റം സമ്മതിച്ചതിന്‍റെ പേരിൽ പ്രതിയുടെ ശിക്ഷ കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. കുറ്റ കൃത്യത്തിന്‍റെ വ്യാപ്‌തിയും, ഇരയ്‌ക്കേറ്റ പരിക്കിനും സന്തുലിതമായി വേണം ശിക്ഷ വിധിക്കാനെന്നും കോടതി വ്യക്തമാക്കി. മാരകായുധമുപയോഗിച്ച് പരിക്കേൽപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ കുറ്റസമ്മതം നടത്തിയതിന്‍റെ പേരിൽ പ്രതിയായ മലപ്പുറം സ്വദേശിയുടെ ശിക്ഷ കുറച്ച കീഴ്‌ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നത്.
കുറ്റസമ്മതം നടത്തിയെന്ന കാരണത്താൽ പ്രതിയ്ക്ക് ശിക്ഷയിൽ ഇളവ് നൽകാനാവില്ല. കുറ്റകൃത്യത്തിന്‍റെ വ്യാപ്‌തിയും ഇരയ്‌ക്കേറ്റ മുറിവുകളും തുലനം ചെയ്‌തു വേണം ശിക്ഷ വിധിക്കാനെന്നാണ് ജസ്റ്റിസ് പി സോമരാജന്‍റെ ഉത്തരവ്. കുറ്റം സമ്മതിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയോട് മൃദു സമീപനം കാട്ടേണ്ടതില്ല. കൂടാതെ ഇളവുകളും അനുവദിക്കാൻ പാടുള്ളതല്ല, മറിച്ച് ശിക്ഷ എപ്പോഴും സന്തുലിതമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭീഷണിപ്പെടുത്തൽ, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിയ്ക്ക് കുറഞ്ഞ ശിക്ഷയായിരുന്നു മജിസ്ട്രേറ്റ് കോടതി നൽകിയിരുന്നത്. അതേസമയം ഇരയുടെ തലയ്ക്കാണ് പരിക്കേറ്റതെന്നും, കൃത്യം നടത്തിയതിനു ശേഷം പ്രതി ദീർഘകാലം ഒളിവിലായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കീഴ്‌ക്കോടതി നൽകിയ ശിക്ഷ സന്തുലിതമല്ലെന്നു കണ്ടെത്തിയാണ് ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
ശരിയായ രീതിയിൽ ശിക്ഷ വിധിക്കാൻ കീഴ്‌ക്കോടതിയോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്‌തു. പ്രതിയ്ക്ക് വേണമെങ്കിൽ കുറ്റ സമ്മതം പിൻവലിച്ച് വിചാരണ നേരിടാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ALSO READ: സ്‌കൂളിന് സമീപത്തെ മദ്യശാല നീക്കണമെന്ന് എല്‍കെജി വിദ്യാർഥിയുടെ അഭ്യര്‍ഥന; പ്രവര്‍ത്തനം തടഞ്ഞ് ഹൈക്കോടതി