എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങൾക്ക് സഹകരണ സംഘങ്ങളിലുള്ള വിശ്വാസം നഷ്‌ടമായി. കേസിൽ ഇതുവരെ സമർപ്പിച്ച കുറ്റപത്രങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ഇ ഡിയ്ക്ക് കോടതി നിർദേശവും നൽകി.
കരുവന്നൂർ കേസന്വേഷണത്തിന്‍റെ ഭാഗമായി സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തതിനെതിരെ കേസിലുൾപ്പെട്ട അലി സാബ്രി നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അതേസമയം സഹകരണ രജിസ്ട്രാറുടെ സമൻസിൽ കോടതി സ്റ്റേ അനുവദിച്ചത് അന്വേഷണം വഴിമുട്ടിച്ചുവെന്ന് ഇ.ഡി അറിയിച്ചു. സ്റ്റേ നീക്കാൻ കോടതിയെ സമീപിക്കുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണം ഇഴയുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച കോടതി കേസിൽ ഇതുവരെ സമർപ്പിച്ച കുറ്റപത്രങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാനും ഇഡിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
അന്വേഷണം ഇനിയും നീട്ടാനാകില്ലെന്ന് ഹൈക്കോടതി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇ.ഡി അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചത്. ജനങ്ങൾക്ക് സഹകരണ സംഘങ്ങളിന്മേലുള്ള വിശ്വാസം നഷ്‌ടമായിരിക്കുകയാണ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്.
കരുവന്നൂർ കേസിലെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതായും അലി സാബ്രിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായും ഇ ഡി കോടതിയിൽ അറിയിച്ചു. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളിൽ അന്വേഷണം നടക്കുന്നതായി ഇഡി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. തുടർന്നാണ് കേസിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രങ്ങളുടെ വിശദാംശങ്ങൾ ഹൈക്കോടതി ആവശ്യപ്പെട്ടത്.