എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിയുടെ പക്കലുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. സര്‍ക്കാരിന്‍റെ ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യമുണ്ട്. സർക്കാരിന്‍റെ ഹർജിയിൽ ഹൈക്കോടതി ഇഡിയുടെ നിലപാട് തേടി.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനാവശ്യമായ രേഖകൾ ഇഡി പിടിച്ചെടുത്തു. രേഖകൾ കൈമാറാനാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പിഎംഎൽഎ കോടതി തള്ളിയിരുന്നു. ഈ കോടതി ഉത്തരവ് റദ്ദാക്കണം. രേഖകൾ കൈമാറാൻ ഇഡിയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ഇഡിയോട് മറുപടി ആവശ്യപ്പെട്ട ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് രേഖകൾ നിർണായകമാണെന്നാണ് സർക്കാർ വാദം. കേസിലെ നിർണായക തെളിവായ രേഖകൾ ലഭിച്ചാൽ മാത്രമേ കുറ്റപത്രം ഉൾപ്പെടെ സമർപ്പിക്കാൻ കഴിയുകയുള്ളൂ. ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം തുടരുന്ന വേളയിലാണ് ഇഡി രേഖകൾ കസ്റ്റഡിയിലെടുത്തത്. രേഖകൾ ലഭിക്കുന്നതിനായി ഇഡിക്ക് അപേക്ഷ നൽകിയിരുന്നു. അതിൽ അനുകൂല നടപടി ലഭിക്കാത്തതിനാൽ വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
Also Read: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : അന്വേഷണം ഇഴയുന്നു, ഇനിയും നീട്ടാനാകില്ലെന്ന് ഹൈക്കോടതി