തിരുവനന്തപുരം: മലയാളി ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്. അരുണാചൽ പ്രദേശിലെ ജിറോയിലെ ഹോട്ടൽ മുറിയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി അരുണാചൽ പൊലീസ് പറഞ്ഞു. മാർച്ച് 26 നായിരുന്നു മൂവരും അരുണാചലിലേക്ക് പുറപ്പെട്ടത്. മാർച്ച് 27 നാണ് ആര്യയുടെ പിതാവ് അനിൽകുമാർ മകളെ കാണാനില്ലെന്ന് കാട്ടി വട്ടിയൂർക്കാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. സ്‌കൂളിൽ നിന്നാണ് ആര്യ യാത്ര പോയതെന്നാണ് വിവരം.
തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂൾ അധ്യാപികയാണ് ആര്യ. മെയ് മാസത്തിൽ ആര്യയുടെ കല്യാണം നിശ്ചയിച്ചിരുന്നതാണ്. മരണം സംബന്ധിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുമായി അരുണാച്ചൽ പൊലീസ് ആശയവിനിമയം നടത്തിയതായാണ് വിവരം. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.