ഇടുക്കി : 'ജീറ്റ് കുനേ ദോ' ലോകകപ്പില്‍ ദേശിയ ടീമിന് വേണ്ടി കേരളത്തില്‍ നിന്നും മത്സരിച്ചവര്‍ക്ക് മെഡല്‍ നേട്ടം. ലോകകപ്പില്‍ ആകെ ലഭിച്ച 18 മെഡലില്‍ 5 എണ്ണവും കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് നേടിയത്. ഇതില്‍ നാല് മെഡലുകളും സ്വന്തമാക്കിയത് ഇടുക്കി അടിമാലി സ്വദേശികളാണ്.
തായ്‌ലാന്‍റിലെ ഫുക്കറ്റില്‍ വച്ചായിരുന്നു ഇത്തവണത്തെ 'ജീറ്റ് കുനേ ദോ' ലോകകപ്പ് 51 പേരായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായി ഉണ്ടായിരുന്നത്. ഇന്ത്യന്‍ ടീം 18 മെഡലുകള്‍ നേടിയതിലാണ് 5 മെഡലുകൾ കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥികൾ കരസ്ഥമാക്കിയതെന്ന് മാസ്‌റ്റേഴ്‌സ് ഫൈറ്റിങ്ങ് വിഭാഗത്തില്‍ ചാമ്പ്യനായ, ഇന്ത്യന്‍ ടീം മാനേജര്‍ കൂടിയായിരുന്ന രാജന്‍ ജേക്കബ് അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ഗോവിന്ദ് ഹരിദാസ്, പ്രണവ് സ്‌മിജു, സീനിയര്‍ വിഭാഗത്തില്‍ എബിന്‍ ഡേവിഡ്, ജൂനിയര്‍ വിഭാഗത്തില്‍ കോട്ടയത്തു നിന്നുള്ള മാനസി എന്നിവര്‍ മത്സരിച്ചിരുന്നു. ഇതില്‍ ജൂനിയര്‍ വിഭാഗത്തില്‍ മാനസി എം എ, സീനിയര്‍ വിഭാഗത്തില്‍ എബിന്‍ പി ഡേവിഡ് എന്നിവര്‍ സ്വര്‍ണ മെഡല്‍ നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ പ്രണവ് സ്‌മിജു, ഗോവിന്ദ് ഹരിദാസ് എന്നിവര്‍ വെള്ളി മെഡലും സ്വന്തമാക്കി. ആറാമത് ലോകകപ്പ് മത്സരമാണ് ഇത്തവണ ഫുക്കറ്റില്‍ നടന്നത്. മത്സരങ്ങളില്‍ രാജന്‍ ജേക്കബ് ചീഫ് ജഡ്‌ജായും, എബിന്‍ പി ഡേവിഡ് ജഡ്‌ജായും പ്രവര്‍ത്തിച്ചു.