കാസര്‍കോട് : കേരള കേന്ദ്ര സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന സമ്മേളനം മാര്‍ച്ച് 11ന് നടക്കും. ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ് മുഖ്യാതിഥിയായി പങ്കെടുക്കും. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ സി ബൈജു, കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍, രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഡീനുമാര്‍, വകുപ്പ് മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
2023ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 957 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 737 പേര്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. വ്യാഴാഴ്‌ച (07-03-2024) വൈകീട്ട് വരെ രജിസ്‌റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. 40 പേര്‍ക്ക് ബിരുദവും 843 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 16 പേര്‍ക്ക് പിജി ഡിപ്ലോമ ബിരുദവും നല്‍കും.
2014ലാണ് സർവകലാശാലയുടെ ആദ്യ ബിരുദദാന സമ്മേളനം നടന്നത്. രാഷ്‌ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയായിരുന്നു അന്നത്തെ മുഖ്യാതിഥി. പിന്നീടുള്ള ബിരുദദാന സമ്മേളനങ്ങളില്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, കേരള ഗവര്‍ണര്‍മാരായ ഡോ. പി. സദാശിവം, ഡോ. ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ഡോ. സുഭാസ് സര്‍ക്കാര്‍ എന്നിവര്‍ സംബന്ധിച്ചിട്ടുണ്ട്.
വിവിധ പഠന വകുപ്പുകളും വിദ്യാര്‍ഥികളുടെ എണ്ണവും : ബയോകെമിസ്ട്രി ആന്‍റ് മോളിക്യുലാര്‍ ബയോളജി 30, കെമിസ്ട്രി 40, കൊമേഴ്‌സ് ആന്‍റ് ഇന്‍റര്‍നാഷണല്‍ ബിസിനസ് 50, കമ്പ്യൂട്ടര്‍ സയന്‍സ് 36, ഇംഗ്ലീഷ് ആന്‍റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ 51, എക്കണോമിക്‌സ് 42, എജ്യുക്കേഷന്‍ 36, എന്‍വിയോണ്‍മെന്‍റല്‍ സയന്‍സ് 29, ജീനോമിക് സയന്‍സ് 30, ജിയോളജി 34, ഹിന്ദി ആന്‍റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ 34, ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് 75, കന്നഡ 8, ലോ 20, ലിംഗ്വിസ്‌റ്റിക്‌സ് 34, മാനേജ്മെന്‍റ് സ്‌റ്റഡീസ് 36, മലയാളം 32, മാത്തമാറ്റിക്‌സ് 47, ഫിസിക്‌സ് 42, പ്ലാന്‍റ് സയന്‍സ് 43, പബ്ലിക് അഡ്‌മിനിസ്ട്രേഷന്‍ ആന്‍റ് പോളിസി സ്‌റ്റഡീസ് 26, പബ്ലിക് ഹെല്‍ത്ത് ആന്‍റ് കമ്മ്യൂണിറ്റി മെഡിസിന്‍ 40, സോഷ്യല്‍ വര്‍ക്ക് 51, ടൂറിസം സ്‌റ്റഡീസ് 34, യോഗ സ്‌റ്റഡീസ് 20, സുവോളജി 37.
പരമ്പരാഗത വേഷത്തിലാണ് വിശിഷ്‌ടാതിഥികളും വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കുന്നത്. വെള്ള നിറത്തിലുള്ള വേഷമാണ് ധരിക്കുക. മുണ്ട്, പാന്‍റ്, പൈജാമ, കുര്‍ത്ത, ചുരിദാര്‍, സാരി എന്നിവ ധരിക്കാം. ഇതിന് പുറമെ ഷോളുമുണ്ടാകും. പതിനെട്ടോളം നിറങ്ങളിലുള്ള ഷോളുകളാണ് ഒരുക്കിയിട്ടുള്ളത്.
വിദ്യാര്‍ഥികള്‍, വിശിഷ്‌ടാതിഥികള്‍, ഡീനുമാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, അക്കാദമിക് കമ്മിറ്റി അംഗങ്ങള്‍, ഡീനുമാര്‍, സ്‌റ്റാറ്റ്യൂട്ടറി ഓഫീസര്‍മാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ വെവ്വേറെ നിറങ്ങളിലുള്ള ഷോളുകളാണ് അണിയുക. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡ് മെഡലും നല്‍കും.
കൊമേഴ്‌സ് ആന്‍റ് ഇന്‍റര്‍നാഷണല്‍ ബിസിനസ്, മാനേജ്മെന്‍റ് സ്‌റ്റഡീസ്, മാത്തമാറ്റിക്‌സ് എന്നീ വകുപ്പുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് മെഡല്‍ നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ മുഴുവന്‍ പഠന വകുപ്പുകളിലും ഗോള്‍ഡ് മെഡല്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് സര്‍വകലാശാല. പരിപാടിയുടെ വിജയത്തിനായി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ.സി. ബൈജുവിന്‍റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് കെ സി ബൈജു പറഞ്ഞു.