തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഇനി ഓരോ വാർഡ് കൂടി ഉൾപ്പെടുത്തും. ഇതിനായി ഓർഡിനൻസ് പുറത്തിറക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ അധ്യക്ഷനായ കമ്മീഷൻ രൂപീകരിക്കും.
2011-ലെ സെൻസസിന്‍റെ അടിസ്ഥാനത്തിൽ ജനസംഖ്യ അനുപാതത്തിലാകും വാർഡുകൾ പുനർ ക്രമീകരിക്കുക. ഇതോടെ 1200 വാർഡുകൾ കൂടി സംസ്ഥാനത്ത് നിലവിൽ വരും. 2010 ലായിരുന്നു അവസാനമായി സംസ്ഥാനത്ത് വാർഡ് വിഭജനം നടന്നത്. വാർഡ് വിഭജനം മാത്രം പരിഗണിച്ചായിരുന്നു ഇന്നത്തെ മന്ത്രിസഭാ യോഗം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷണർ അധ്യക്ഷനായ കമ്മിഷനിൽ സർക്കാർ പ്രതിനിധിയായി നാല് വകുപ്പ് സെക്രട്ടറിമാരുമുണ്ടാകും.
ജനസംഖ്യാടിസ്ഥാനത്തിൽ വാർഡ് വിഭജനം നടത്തിയ ശേഷം ജനങ്ങളിൽ നിന്നും കമ്മിഷൻ പരാതികൾ സ്വീകരിക്കും. ഇതിന് ശേഷമാകും അന്തിമ വാർഡ് വിഭജനം. അടുത്ത വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് മുൻപായി ആറ് മാസത്തിനകമാകും വാർഡ് വിഭജനം പൂർത്തിയാവുക. വാർഡ് വിഭജനത്തിനായി 2019-ൽ സർക്കാർ ഓർഡിനന്‍സ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. പിന്നീട് നിയമസഭ ബിൽ പാസാക്കുകയായിരുന്നു.
അന്നത്തെ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താതെയാണ് പുതിയ നീക്കം. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂടുമ്പോൾ ഫലത്തിൽ 1200 വാർഡുകൾ സംസ്ഥാനത്ത് അധികം വരും. അടുത്ത വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പുതിയ അംഗങ്ങള്‍ കൂടി വരുന്നതോടെ ഇവർക്ക് ഓണറേറിയം നൽകാനായി അഞ്ച് വർഷത്തേക്ക് 67 കോടി രൂപ അധികമായി സർക്കാർ കണ്ടത്തേണ്ടി വരും. എന്നാൽ കൂടിയാലോചനകൾ ഇല്ലാതെയുള്ള സർക്കാരിന്‍റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതിപക്ഷവും വൻ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്.