തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയ പ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് ആരംഭിക്കും. ഗവർണർ - സർക്കാർ പോര് മൂർച്‌ഛിക്കുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് (Kerala Budget Assembly Session).
രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. 8.50 ഓടെ നിയമസഭയ്ക്ക് മുന്നിലെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും, സ്‌പീക്കറും, പാർലമെന്‍ററികാര്യ മന്ത്രിയും ചേർന്നാണ് സ്വീകരിക്കേണ്ടത്. നയ പ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങൾ ഗവർണർ വായിക്കുമോ എന്ന് കണ്ടറിയണം (Policy Announcement Speech).
നിയമസഭയില്‍ എക്‌സാലോജിക്, നവകേരള സദസിലെ പ്രതിഷേധങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം. അതേസമയം ഡൽഹി സമരത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതാകും ഭരണപക്ഷത്തിന്‍റെ പ്രധാന പ്രതിരോധ ആയുധം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദവും ഭരണപക്ഷം ഉന്നയിച്ചേക്കും.
Also Read: നിയമസഭ പുസ്‌തകോത്സവം : മികച്ച ഓൺലൈൻ റിപ്പോർട്ടിങ് പുരസ്‌കാരം ഇടിവി ഭാരതിന്
ഫോട്ടോ എടുക്കുന്നതിന് വിലക്ക് : നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പത്ര ഫോട്ടോഗ്രാഫർമാർക്ക് ചിത്രങ്ങൾ എടുക്കാന്‍ വിലക്കേര്‍പ്പെടുത്തി. നിയമസഭയുടെ ഫോട്ടോ എടുക്കുന്നതിന് സ്‌പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ ഇനി മുതൽ സർക്കാർ ഫോട്ടോഗ്രാഫർമാരും സഭ ടിവിയും പകർത്തുന്ന ദൃശ്യങ്ങള്‍ മാത്രമാകും ജനങ്ങളിലേക്കെത്തുക. 2 വർഷമായി ഫോട്ടോഗ്രാഫർമാർക്ക് അനുമതി നൽകുന്നില്ലെന്നാണ് വിലക്കിന് സ്‌പീക്കറുടെ ഓഫീസ് നൽകുന്ന വിശദീകരണം.
32 ദിവസത്തെ സമ്മേളനം : മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് പുതുവർഷത്തിൽ തുടക്കമാകുന്നത്. 32 ദിവസത്തെ സഭാസമ്മേളന കാലയളവില്‍ ഫെബ്രുവരി 5 ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും.
ജനുവരി 29 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കുമെന്ന് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച നടക്കുക. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്‌മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെ സബ്‌ജക്‌റ്റ് കമ്മിറ്റികള്‍ യോഗം ചേരും.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെ 13 ദിവസം 2024 - 25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്‌ത് പാസാക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. 2024 ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി ഭേദഗതി ബില്‍, 2024 ലെ മുന്‍സിപ്പാലിറ്റി ഭേദഗതി ബില്‍, കേരള പഞ്ചായത്തീരാജ് ഭേദഗതി ബില്‍ എന്നിവ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളാണെന്നും സ്‌പീക്കര്‍ പറഞ്ഞു.
Also Read: ബജറ്റില്‍ ഉപഭോഗ വര്‍ദ്ധനയ്ക്കും കാര്‍ഷിക സമ്പദ്ഘടന മെച്ചപ്പെടുത്താനും പദ്ധതികള്‍?
2023 ലെ കേരള വെറ്ററിനറി സര്‍വകലാശാല ഭേദഗതി ബില്‍, 2023 ലെ കേരള കന്നുകാലി പ്രജനന ഭേദഗതി ബില്‍, 2023 ലെ ക്രിമിനല്‍ നടപടി നിയമ സംഹിത കേരള രണ്ടാം ഭേദഗതി ബില്‍, 2023 ലെ കേരള പൊതു രേഖാ ബില്‍, 2024 ലെ മലബാര്‍ ഹിന്ദു മത ധര്‍മ്മ സ്ഥാപനങ്ങളുടെ എന്‍ഡോവ്‌മെന്‍റ് ബില്‍ എന്നിവയാണ് ഈ സഭയുടെ പത്താം സമ്മേളനത്തില്‍ പരിഗണിക്കാനിടയുള്ളവ.