തിരുവനന്തപുരം: ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. സ്‌ത്രീ സുരക്ഷയ്‌ക്ക് 10 കോടി വകയിരുത്തി. സംസ്ഥാനത്ത് മോഡൽ അങ്കണവാടികൾ സ്ഥാപിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്‍റെ മഴവില്ല് പദ്ധതി 5 കോടി വകയിരുത്തി. നിർഭയ പദ്ധതിക്ക് 10 കോടി അനുവദിച്ചു.
രണ്ട് ലക്ഷം രൂപ കവറേജ് ലഭിക്കത്ത നിലയിൽ അങ്കണവാടി ജീവനക്കാർക്ക് മാത്രമായി പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഇതിനായി ബജറ്റിൽ 1.20 കോടി രൂപ വകയിരുത്തി. ബാലാവകാശ കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കായി 2.40 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളുടെ എണ്ണം 28ൽ നിന്ന് 54 ആയി ഉയർത്തി. സംയോജിത ശിശു വികസന സംസ്ഥാന വിഹിതമായി 194.32 കോടി അനുവദിച്ചു. സ്‌കൂൾ കുട്ടികൾക്കായി പ്രത്യേക ആരോഗ്യ പദ്ധതി നടപ്പിൽ വരുത്തും. ഇതിനായി 3.1 കോടി അനുവദിച്ചു.
സംയോജിത ശിശു വികസന പദ്ധതിയുടെ സംസ്ഥാന വിഹിതമായി 194.32 കോടി രൂപ അനുവദിച്ചു. കേന്ദ്ര വിഹിതമായി 291. 48 കോടി പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. സ്‌ത്രീകളുടെയും കുട്ടികളുടെയും പോഷക ലഭ്യത ഉയർത്തുക ലക്ഷ്യമിട്ടുള്ള നാഷണൽ ന്യൂട്രീഷൻ മിഷൻ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 10 കോടി രൂപ അനുവദിച്ചു. കേന്ദ്ര വിഹിതമായി 15 കോടിയാണ് പ്രതീക്ഷിക്കുന്നത്.
പട്ടിക വർഗ സ്‌ത്രീകൾക്ക് ഗർഭാവസ്ഥയിലും പ്രസവ ശേഷവും ആവശ്യമായ പരിചരണം ഉറപ്പാക്കാനായി ആവഷ്‌കരിച്ച ജനനി ജന്മരക്ഷ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകുന്നതിന് 17 കോടി രൂപ അനുവദിച്ചു.
വിവാഹബന്ധം വേർപെടുത്തിയവരോ വിധവകളോ ഭർത്താവ് ഉപേക്ഷിച്ചവരോ ആയ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്ന പുതിയ പദ്ധതിക്ക് 5 കോടി വകയിരുത്തി. വനിത വികസന കോർപറേഷന് 17.6 കോടി രൂപ ബജറ്റിൽ അനുവദിച്ചു. വനിത സഹകരണ സംഘങ്ങൾക്ക് 2.5 കോടിയും അനുവദിച്ചിട്ടുണ്ട്.
കുടുംബശ്രീക്ക് 265 കോടിയാണ് അനുവദിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കെ ലിഫ്റ്റ് എന്ന പേരില്‍ പ്രത്യേക ഉപജീവനപദ്ധതിക്കും രൂപം നൽകും. ഈ പദ്ധതിക്കായി 430 കോടി രൂപ ബജറ്റിൽ വകയിരുത്തി.
നിർഭയ പദ്ധതിയ്‌ക്ക് 10 കോടി രൂപ. സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾക്കായി 10 കോടിയും അനുവദിച്ചു. കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് വേണ്ടി സംസ്ഥാനത്തെ 1012 സ്‌കൂളുകൾ വഴി നടപ്പിലാക്കി വരുന്ന സൈക്കോ - സോഷ്യൽ സർവീസസ് പദ്ധതിക്ക് 51 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ജെൻഡർ പാർക്കിന്‍റെ വിവിധ പ്രവർത്തനങ്ങൾക്ക് 9 കോടി വകയിരുത്തി. കുട്ടികളുടെ സംരക്ഷണവും വികാസവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്ന പദ്ധതിക്ക് 13 കോടി അനുവദിച്ചു.
നഗരപ്രദേശങ്ങളിൽ അടുത്തടുത്ത് പ്രവർത്തിച്ചുവരുന്ന വിവിധ അങ്കണവാടികളെയും അവയിലെ ജീവനക്കാരെയും സംയോജിപ്പിച്ച്, മെറ്റേണിറ്റി ബെനിഫിറ്റ് ആക്‌ട് പ്രകാരം മൂന്നുവയസ് വരെ കുട്ടികൾക്ക് ക്രഷ്, 3 - 6വയസ് വരെയുളളവർക്ക് പ്രീ സ്‌കൂൾ, കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള സുരക്ഷിത കേന്ദ്രം എന്നിവ ഒരുക്കുന്ന പദ്ധതിയ്‌ക്ക് 2.20 കോടിയും വകയിരുത്തി.