തിരുവനന്തപുരം: കേരളത്തിന്‍റെ സ്ഥാനം രാജ്യത്തിന്‍റെ മുൻനിരയിൽ എന്നും കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകളെന്നും സംസ്ഥാന ബജറ്റിൽ ധനമന്തി കെ എൻ ബാലഗോപാൽ. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ചികിത്സയ്‌ക്കുള്ള സൗകര്യമൊരുക്കും. മെഡിക്കൽ ഹബായി കേരളത്തെ മാറ്റുമെന്നും ധനമന്തി അറിയിച്ചു.
പൊതുജനാരോഗ്യത്തിനും ചികിത്സയ്‌ക്കുമായി 2052. 23 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിയിൽ ബജറ്റ് വിഹിതത്തിന്‍റെ മൂന്നിരട്ടിയാണ് സർക്കാർ ചെലഴിച്ചത്. ഇതുവരെ 2545 കോടി രൂപയാണ് കാരുണ്യ പദ്ധതിക്കായി ഈ സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈ ബജറ്റിൽ 678.54 കോടിയാണ് കാരുണ്യ പദ്ധതിക്ക് വകയിരുത്തിയത്.
പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾക്ക് 12 കോടി. സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണ പരിപാടികൾക്ക് 11.93 കോടി വകയിരുത്തി. ആദിവാസി മേഖലകളിലെയും തീരപ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലഹരി വിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു.
കനിവ് പദ്ധതിക്ക് കീഴിൽ ആധുനിക ജീവൻരക്ഷ സംവിധാനങ്ങളോട് കൂടിയ 315 ആംബുലൻസുകളുടെ പ്രവർത്തനത്തിനായി 80 കോടി രൂപ വകയിരുത്തി. ആർദ്രം മിഷന്‍റെ പ്രവർത്തനങ്ങൾക്ക് 24.88 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്ത് അഞ്ച് പുതിയ നഴ്‌സിങ് കോളജുകൾ തുടങ്ങും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ റോബോട്ടിക് സർജറി സ്ഥാപിക്കുന്ന പദ്ധതിക്കായി 29 കോടി അനുവദിക്കും. മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി രൂപ അനുവദിച്ചു.
സർക്കാർ ആശുപത്രികളിൽ വലിയ പുരോഗതിയാണ് സാധ്യമായതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ആശുപത്രികളുടെ നടത്തിപ്പിന് പുറത്ത് നിന്ന് ഫണ്ട് ശേഖരിക്കാൻ (സ്വകാര്യ ഫണ്ട്) പദ്ധതി ആരംഭിക്കും. ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ വഴികൾ ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ ക്യാൻസർ ചികിത്സ കേന്ദ്രമായ ആർസിസിക്ക് 73 കോടി വകയിരുത്തി. വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടിയും അനുവദിച്ചിട്ടുണ്ട്.