തിരുവനന്തപുരം: അന്തരിച്ച സിനിമ നിർമ്മാതാവ് ഗാന്ധിമതി ബാലന് ആദരാജ്ഞലി അർപ്പിച്ച് കല, സാംസ്‌കാരിക, രാഷ്‌ട്രീയ ലോകം. തിരുവനന്തപുരം വിജെടി ഹാളിൽ ഗാന്ധിമതി ബാലന്‍റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരും രാഷ്‌ട്രീയ പ്രവർത്തകരുമടക്കം നിരവധി പേരാണ് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാര്‍ഥിയുമായ ശശി തരൂർ, ഷിബു ബേബി ജോൺ, പന്തളം സുധാകരൻ, നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേകുമാർ, മധുപാൽ, ഭാഗ്യലക്ഷ്‌മി, ജി സുരേഷ് കുമാർ, കൃഷ്‌ണ പ്രസാദ്, മായ വിശ്വനാഥ്, മണിയൻപിള്ള രാജു ഉൾപ്പടെ നിരവധി പേർ ഗാന്ധിമതി ബാലന് ആദരാജ്ഞലി അർപ്പിക്കാൻ എത്തി.
മലയാളത്തിലെ ഏറ്റവും നല്ല സിനിമകളുടെ നിർമ്മാതാവായിരുന്നു ഗാന്ധിമതി ബാലനെന്ന് ഭാഗ്യലക്ഷ്‌മി അനുസ്‌മരിച്ചു. നല്ല സിനിമകൾ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യം. സിനിമ മാറിയെന്ന് അറിഞ്ഞപ്പോഴാണ് അദ്ദേഹം പതുക്കെ പുറകിലോട്ട് വലിഞ്ഞത്. ഗാന്ധിമതി ബാലൻ എന്ന വ്യക്തിയുടെ സൗഹൃദം പണ്ടുമുതലുള്ള എല്ലാ സിനിമക്കാർക്കും അമൂല്യമാണ്. അദ്ദേഹത്തിന്‍റെ ഒരുപാട് സിനിമകൾ ഡബ്ബ് ചെയ്‌തിട്ടുണ്ട്. വല്ലാത്തൊരു പ്രതിസന്ധി ഘട്ടം ഉണ്ടായപ്പോൾ അതിൽ ഇടനിലക്കാരനായി നിന്ന് തന്നെ സഹായിച്ച വ്യക്തിയാണെന്നും ഭാഗ്യലക്ഷ്‌മി ഓർത്തു.
സിനിമകളെ കൃത്യമായി മനസിലാക്കുകയും, സിനിമ എങ്ങനെ ആളുകളുടെ മുൻപിൽ എത്തിക്കണമെന്നും അതിന് പരിശ്രമിക്കുകയും ചെയ്‌തിട്ടുള്ള കലാകാരനാണ് ബാലനെന്ന് മധുപാൽ പറഞ്ഞു. അദ്ദേഹം തന്ന തണൽ ഇവിടെയുണ്ട്. 34 വർഷത്തിലധികമായി അദ്ദേഹത്തെ പരിചയപ്പെട്ടിട്ട്. അന്നും ഇന്നും അദ്ദേഹം തന്നിട്ടുള്ള ധൈര്യം ഉണ്ട്. ബാലൻ ചേട്ടൻ സജീവമാണെന്ന് വിശ്വസിക്കാനാണ് ഇഷ്‌ടമെന്നും മധുപാൽ പറഞ്ഞു. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
ALSO READ: ബഹുമുഖ പ്രതിഭ, സൗഹൃദത്തിന്‍റെ മറുപേര്; ഗാന്ധിമതി ബാലനെ ഓർത്ത് സുഹൃത്തുക്കൾ