തിരുവനന്തപുരം: മദ്യനയം ബാർ മുതലാളിമാർക്ക് അനുകൂലമാക്കാൻ പണം ആവശ്യപ്പെട്ടുള്ള ശബ്‌ദരേഖ അടിസ്ഥാന രഹിതമെന്ന് ബാറുടമകളുടെ സംഘടന ജനറൽ സെക്രട്ടറി വി സുനിൽകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. ശബ്‌ദരേഖയ്ക്ക് ഉടമയായ കേരള ഹോട്ടൽസ് അസോസിയേഷൻ ഇടുക്കി ജില്ല പ്രസിഡന്‍റ് അനിമോനെ ഇന്നലെ എറണാകുളത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ സസ്പെൻഡ് ചെയ്‌തിരുന്നുവെന്നും സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി സുനിൽകുമാർ പറഞ്ഞു.
ഓരോ ഹോട്ടൽ ബാർ ഉടമകളും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനിമോൻ്റെ ശബ്‌ദസന്ദേശം. എന്നാൽ സംഘടനയ്ക്ക് തിരുവനന്തപുരത്ത് ഓഫിസ് കെട്ടിടം പണിയാനാണ് പണപിരിവ് നടത്തിയതെന്നും പിരിച്ചെടുത്ത തുകയ്ക്ക് കൃത്യമായ കണക്കുകളുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി. തിരുവനന്തപുരം പി എം ജി യിലാണ് സംഘടനയുടെ ഓഫിസ് കെട്ടിടം പണിയുന്നത്.
ഇതിനായി ആദ്യം നാല് കോടി രൂപ പിരിച്ചെടുത്തു. എന്നാൽ അനുമോൻ ഉൾപ്പെടെയുള്ള ചിലർക്ക് ഇതിനോട് താത്‌പര്യം ഇല്ലായിരുന്നു. പകരം സംഘടന ഉണ്ടാക്കാനുള്ള വിമത നീക്കങ്ങൾക്ക് വേണ്ടിയുള്ള ശ്രമവും ഇയാൾ നടത്തിയിരുന്നു. ഇന്നലെ എറണാകുളത്തുനിന്ന് സംസ്ഥാന നേതൃയോഗത്തിൽ ബാക്കി പണം പിരിക്കണമെന്ന് അന്ത്യശാസനം നൽകി.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങൾ രണ്ടര ലക്ഷം രൂപ കടം വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിനെയും അനിമോൻ എതിർത്തിരുന്നു. ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാകാം ഇപ്പോൾ അനിമോൻ്റെ ശബ്‌ദസന്ദേശം പുറത്തു വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ബാര്‍ കോഴ നീക്കം : ശബ്‌ദരേഖയ്ക്ക് പിന്നില്‍ ഗൂഢാലോചന, ശക്തമായ നടപടിയെന്നും എംബി രാജേഷ്