തിരുവനന്തപുരം: കേരള ബാങ്കിന് നിയന്ത്രണവുമായി റിസർവ് ബാങ്ക്. വായ്‌പ വിതരണത്തിനടക്കം നിയന്ത്രണം വരുത്തിക്കൊണ്ടാണ് കേരള ബാങ്കിനെതിരെ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്‌ത്തിയതായും വ്യക്തിഗത വായ്‌പ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും കേരള ബാങ്കിന്‍റെ വിവിധ ശാഖകളിലേക്ക് അയച്ച കത്തിൽ പറയുന്നു. കേരള ബാങ്കിന്‍റെ മാനദണ്ഡങ്ങൾ വിലയിരുത്തി കൊണ്ടുള്ള നബാർഡിന്‍റെ റിപ്പോർട്ടിന് അനുസരിച്ചാണ് റിസർവ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്.
25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്‌പ നൽകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ ഇതുവരെ നൽകിയ ഇത്തരം വായ്‌പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കാനും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. കേരള ബാങ്കിലെ 80 ശതമാനം വായ്‌പകളും വ്യക്തിഗത വായ്‌പകളാണ്. അതിനാൽ തന്നെ റിസർവ് ബാങ്കിന്‍റെ പുതിയ തീരുമാനം കേരള ബാങ്കിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
റിസർവ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണ് കേരള ബാങ്ക് ഉൾപ്പെടുന്നതെന്നും വ്യക്തിഗത വായ്‌പകൾ 25 ലക്ഷത്തിന് മുകളിൽ നൽകരുതെന്നുമാണ് നിർദേശം. ഭരണസമിതിയിൽ വേണ്ടത്ര പ്രൊഫഷണലുകൾ ഇല്ലാത്തതും ആസ്‌തി 11 ശതമാനത്തിന് പുറത്ത് പോയതും വായ്‌പകൾ വഴിയുള്ള കിട്ടാക്കടവും അടക്കം ചൂണ്ടിക്കാട്ടിയാണ് സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്‌ത്തിയത്. സ്വർണ പണയ വ്യവസ്ഥകൾ ലംഘിച്ചതിന് കേരള ബാങ്കിനെതിരെ റിസർവ് ബാങ്ക് മുമ്പും നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത നടപടി.