തിരുവനന്തപുരം: മലബാർ മേഖലയിൽ പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറം ജില്ലയിൽ മാത്രം 1,000 മുതൽ 5,000 വരെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് ഇത് സംബന്ധിച്ച് എൻ ഷംസുദീൻ എംഎൽഎ അനുമതി തേടിയ അടിയന്തിര പ്രമേയത്തിന് മന്ത്രി മറുപടി നൽകി. പത്താം ക്ലാസ് വിജയിച്ച് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വീടിനടുത്തുള്ള സ്‌കൂൾ ലഭിക്കണമെങ്കിൽ പ്രമേയ അവതാരകനായ ഷംസുദീൻ മന്ത്രിയായാലും നടക്കില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 4.33 ലക്ഷം പ്ലസ് വൺ സീറ്റുകളുള്ളപ്പോൾ 4.21 ലക്ഷം അപേക്ഷകർ മാത്രമാണുള്ളത്. 11,810 സീറ്റുകൾ മിച്ചമാണ്. മലബാർ മേഖലയിലെ 6 ജില്ലകളിലും പ്ലസ് വൺ സീറ്റ് മിച്ചമാണ്.
മലബാർ മേഖലയിൽ 98 താത്കാലിക ബാച്ചുകൾ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്തോടും മലബാറിനോടും സർക്കാരിന് വിവേചനമില്ലെന്നും അവിടുത്തെ കുട്ടികൾ ഞങ്ങളുടെ കുട്ടികളാണ് എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. സീറ്റ് വിഷയത്തിൽ എം ഷംസുദ്ദീന്‍റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.
Also Read: മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ വാക്‌പോര് ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി