തിരുവനന്തപുരം: സർക്കാർ ആശുപത്രികളുടെ വികസനത്തിന് സ്വകാര്യ സഹായം സ്വീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി ആരോഗ്യ സുരക്ഷ ഫണ്ട് കൊണ്ടുവരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ആശുപത്രികളുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ തുക നല്‍കാൻ തയ്യാറാകുന്നവർക്കായി റെമിറ്റൻസ് അക്കൗണ്ട് സംവിധാനം ഒരുക്കും.
കാൻസർ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകൾക്ക് സഹായം പ്രഖ്യാപിച്ചു. മലബാർ കാൻസർ സെന്‍ററിന് 28 കോടിയും കൊച്ചിൻ കാൻസർ സെന്‍ററിന് 14.50 കോടിയും അനുവദിച്ചു. റീജിയണല്‍ കാൻസർ സെന്‍ററിന് 73 കോടിയും അനുവദിച്ചു. കാരുണ്യ പദ്ധതിക്ക് 678.54 കോടിയും പ്രഖ്യാപിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോറജിക്ക് 50 കോടി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.60 കോടി രൂപ, പകർച്ച വ്യാധി നിയന്ത്രണ പരിപാടികൾക്ക് 12 കോടി രൂപ, സാംക്രമിക രോഗങ്ങളുടെ നിയന്ത്രണ പരിപാടികൾക്ക് 11.93 കോടി രൂപ, കനിവ് പദ്ധതിക്ക് കീഴില്‍ ജീവൻ രക്ഷ സംവിധാനങ്ങളോടു കൂടിയ 315 ആംബുലൻസുകളുടെ പ്രവർത്തനത്തിനായി 80 കോടി രൂപ, ആർദ്രം മിഷന് 24.88 കോടി രൂപ എന്നിവയും നീക്കിവെച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പ്രധാനപ്പെട്ട ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതായി 9.88 കോടി രൂപ, നാഷണല്‍ ഹെല്‍ത്ത് മിഷൻ പദ്ധതിക്കായി 465 കോടി രൂപ എന്നിവയും നീക്കിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ സർജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്നതിനായി 29 കോടി രൂപയും അനുവദിച്ചു.