തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വൻ ഭൂരിപക്ഷം പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍. കുറഞ്ഞ പോളിങ് ശതമാനം പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. വയനാട്ടില്‍ ഈ വൻ ഭൂരിപക്ഷം പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നതായും കെസി വേണുഗോപാല്‍ പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷത്തെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ പാര്‍ട്ടിക്കകത്തെ വിലയിരുത്തലില്‍ പ്രിയങ്കയുടെ ഭൂരിപക്ഷത്തെ കുറഞ്ഞ പോളിങ് ശതമാനം ബാധിക്കില്ലെന്ന് വ്യക്തമായി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും തുടർന്നുള്ള വിഷയങ്ങളും പ്രിയങ്ക ലോക്‌സഭയിൽ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രിയങ്കയും വയനാട്ടില്‍ സന്ദർശക മാത്രമാകുമെന്ന പ്രതിപക്ഷ ആരോപണം തള്ളിയ കെസി വേണുഗോപാൽ, പ്രിയങ്ക തന്‍റെ പ്രവൃത്തിയിലൂടെ അവ തെറ്റാണെന്ന് തെളിയിക്കുമെന്നും പറഞ്ഞു. വയനാട് എംപി എന്ന നിലയിൽ ഉത്തരേന്ത്യൻ രാഷ്‌ട്രീയത്തിലും പ്രിയങ്ക ഇടപെടലുകൾ തുടരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
നിയമസഭ ഉപതെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ 4,10,931 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിലാണ് പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. രാഹുല്‍ ഗാന്ധിയുടെ 3.6 ലക്ഷമെന്ന ഭൂരിപക്ഷം മറികടന്നാണ് പ്രിയങ്കയുടെ വിജയം.
മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്
മഹാരാഷ്‌ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതും അവിശ്വസനീയവുമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. 'എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇത് കോൺഗ്രസ് പാർട്ടിയുടെ മാത്രമല്ല, മഹാ വികാസ് അഘാഡിയുടെ മുഴുവൻ പരാജയമാണ്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകണം'- കെസി വേണുഗോപാല്‍ പറഞ്ഞു.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ഫലത്തിൽ എന്തെങ്കിലും അട്ടിമറി നടന്നതായി കോണ്‍ഗ്രസ് സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പരാജയത്തിന് തൊട്ടുപിന്നാലെ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ലെന്നാണ് കെസി വേണുഗോപാല്‍ വ്യക്തമാക്കിയത്. സഖ്യം ഒന്നിച്ചിരുന്ന് കൂട്ടായ ആത്മപരിശോധന നടത്തുമെന്നും തോല്‍വിയുടെ കാരണങ്ങൾ വിലയിരുത്തുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
288 അംഗ മഹാരാഷ്‌ട്ര അസംബ്ലിയില്‍ 132 സീറ്റുകളാണ് ബിജെപി നേടിയത്. ശിവസേന 57 സീറ്റുകളും എൻസിപി 41 സീറ്റുകളും നേടി. അതേസമയം, മഹാവികാസ് അഘാഡിയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (ശരദ് പവാർ) 10 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും ശിവസേനക്ക് (ഉദ്ധവ് താക്കറെ) 20 സീറ്റുകളും മാത്രമാണ് നേടാനായത്.
Also Read: 'മഹാരാഷ്‌ട്രയിലെ ജനവിധി വിചിത്രം'; തിരിച്ചടി പരിശോധിക്കാൻ കോണ്‍ഗ്രസ്