വയനാട്: എഡിജിപി എംആർ അജിത് കുമാർ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ നിഗൂഢതയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സര്‍ക്കാരും മുഖ്യമന്ത്രിയും വിശ്വാസമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥനാണ് എഡിജിപിയെന്നും സിപിഎം എന്തുകൊണ്ടാണ് ഇത് ലളിതമായി എടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായി എന്തായിരുന്നു ഡീല്‍ എന്ന് എഡിജിപി തുറന്ന് പറയണം. സര്‍ക്കാരിനും സിപിഎമ്മിനും എന്തോ ഒളിക്കാനുണ്ട്. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഈ വിഷയത്തിൽ സുതാര്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയായിരുന്നുവെന്നും എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നത് ദുരൂഹമാണെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം മുകേഷിന്‍റെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയത്തിലും കെസി വേണുഗോപാൽ പ്രതികരിച്ചു. അത് അതത് പാര്‍ട്ടികളുടെ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് വ്യക്തമാക്കിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തൃശൂർ പൂരം കലക്കിയതിന്‍റെ അന്വേഷണരീതി തെറ്റ്: തൃശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണ രീതി തന്നെ തെറ്റെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പൂരത്തിന്‍റെ പൂര്‍ണ ചുമതല എഡിജിപിക്കായിരുന്നു. അയാള്‍ തന്നെ അന്വേഷണം നടത്തിയാല്‍ അത് എങ്ങനെയാണ് ശരിയാവുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ചെയ്‌തത് തെറ്റായ കാര്യമാണ്. പൊലീസില്‍ സംഘപരിവാര്‍ വത്‌ക്കരണം ഉണ്ടെന്ന് ആദ്യം പറഞ്ഞത് സിപിഐ ആണ്. വയനാട്ടിലെ മുന്‍ സിപിഐ സ്ഥാനാര്‍ഥി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വയനാടിന് കേന്ദ്രം ഫണ്ട് നല്‍കാത്തത് അനീതി: വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. സാധാരണഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് വരാന്‍ കാത്ത് നില്‍ക്കാറില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് പ്രാഥമിക ഫണ്ട് നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അത്തരം ഒരു ആശ്വാസ നടപടികളും കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ഇത് സംസ്ഥാനവും കേന്ദ്രവും പരസ്‌പരം കുറ്റം പറഞ്ഞ് പോകേണ്ട കാര്യമല്ല. വിഷയം പാര്‍ലമെന്‍റില്‍ നിരവധി തവണ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചര്‍ച്ച ചെയ്‌തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: സിപിഎം സംഘപരിവാറിന് സറണ്ടറായി'; ബിജെപിയുമായി ബന്ധം തുടങ്ങിയിട്ട് വർഷങ്ങളായെന്ന് കെ സുധാകരൻ