കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 300 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കാസർകോട് പോക്സോ കോടതിയിൽ സമർപ്പിച്ചത്. കൃത്യം നടന്ന് 39-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
മെയ് 15ന് പുലർച്ചെയാണ് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന ശേഷം വഴിയിലുപേക്ഷിച്ചത്. കർണാടക കുടക് സ്വദേശി പി. എ സലീമാണ് ഒന്നാം പ്രതി. തട്ടിക്കൊണ്ട് പോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ വകുപ്പുകളാണ് സലീമിനെതിരെ ചുമത്തിയിരിക്കുന്നത്.
മോഷ്‌ടിച്ച കമ്മൽ കണ്ണൂർ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിൽക്കാൻ സഹായിച്ച സലീമിന്‍റെ സഹോദരി സുവൈബയാണ് കേസിലെ രണ്ടാം പ്രതി. മോഷ്‌ടിക്കാനായി വീട്ടിൽ കയറിയ സലീം കുട്ടിയെ എടുത്തുകൊണ്ടുപോയി കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഹോസ്‌ദുർഗ് സി.ഐ ആസാദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. 300 പേജുള്ള കുറ്റപത്രത്തിൽ പ്രതിയുടെ ഡിഎൻഎ പരിശോധന ഫലമടക്കമുള്ള 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സലീം കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടയാൾ, ബൈക്കിൽ കയറ്റിക്കൊണ്ടുപോയയാൾ എന്നിവരുൾപ്പെടെ 67 സാക്ഷികൾ. സലീം നേരത്തെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണെന്നും കുറ്റപത്രത്തിലുണ്ട്.
Also Read: പോക്‌സോ കേസ്: കോടതിയില്‍ ഹാജരാകുമെന്ന് ബിഎസ് യെദ്യൂരപ്പ