കാസർകോട്: പാലക്കാട് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ നാല് വിദ്യാര്‍ഥിനികൾ മരിച്ചതിന്‍റെ നടുക്കം ഇനിയും നമ്മളില്‍ നിന്ന് മാറിയിട്ടില്ല. ഇതുപോലുള്ള അപകടങ്ങൾ ഇനിയും ഉണ്ടാകരുതേ എന്നാണ് ഓരോരുത്തരുടെയും പ്രാർഥന. അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കുട്ടികളില്‍ നിന്നുതന്നെ മാറ്റം ഉണ്ടാകുന്നതിന്‍റെ സൂചനയാണ് കാസർകോട്ടെ ഒരു സ്‌കൂളില്‍ ഉണ്ടായ സംഭവം നല്‍കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്‌കൂളിന് മുന്നില്‍ ടിപ്പര്‍ ലോറി തലങ്ങും വിലങ്ങും പായുന്നതില്‍ ആശങ്ക അറിയിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നെ നിവേദനം തയാറാക്കി നല്‍കിയിരിക്കുകയാണ് കാസര്‍കോട്ട്. പിലിക്കോട് ഗവ.യുപി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പൊലീസിന് നിവേദനം നല്‍കിയത്. സ്‌കൂളിന് സമീപത്തെ റോഡിൽക്കൂടി നിരന്തരം ടിപ്പർ ലോറികൾ യാതൊരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്നതിന്‍റെ ആശങ്കയാണ് നിവേദത്തിന്‍റെ ഉള്ളടക്കം.
രാവിലെ 8നും 10നും ഇടയിൽ സ്‌കൂളിന് സമീപത്തെ റോഡിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണമുണ്ട്. എന്നാൽ ഈ സമയത്ത് സ്‌കൂളിന് സമീപത്ത് കൂടി മിക്ക ദിവസങ്ങളിലും ടിപ്പർ ലോറികൾ കടന്നുപോകുന്നത് കാരണം അധ്യാപകരും രക്ഷിതാക്കളും അപകടം ഭയക്കുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്‌കൂൾ ലീഡർ തൃദേവ് ബി, ഡെപ്യൂട്ടി ലീഡർ എം വി അമേയ എന്നിരുടെ നേതൃത്വത്തിൽ പിടിഎ പ്രസിഡന്‍റും പ്രധാനാധ്യാപകനും സ്റ്റാഫ് സെക്രട്ടറിയും പിടിഎ അംഗങ്ങളും ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിയത്.
വിദ്യാർഥികൾ എസ്ഐ സതീഷ് കുമാർ വർമയ്ക്ക് നിവേദനം നൽകി. സ്‌കൂളിന് സമീപത്ത് ഹോംഗാർഡിന്‍റെ സേവനം അനുവദിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാർഥികളും കാൽനടയായും സൈക്കിളിലുമാണ് സ്‌കൂളിൽ എത്തുന്നതെന്നും വലിയ അപകടങ്ങൾ വരും മുമ്പ് ശാശ്വത പരിഹാരം കാണണമെന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞു.
ഇത് സംബന്ധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എസ്ഐ വിദ്യാർഥികൾക്ക് ഉറപ്പു നൽകി. മധുരം നൽകിയാണ് പൊലീസുകാർ കുട്ടികളെ തിരിച്ചയച്ചത്.
പൊലീസിന്‍റെ ഉറപ്പ് വെറുതെയായില്ല. ഉടൻ നിരീക്ഷണം കൂടുതൽ ശക്തമാക്കി. രാവിലെ 10 മണിവരെ സഞ്ചാരം പാടില്ലെന്ന് ലോറി ഡ്രൈവർമാർക്ക് കർശന നിർദേശം നൽകിയതായും എസ് ഐ സതീഷ് കുമാർ വർമ ഇടിവി ഭാരതിനോട് പറഞ്ഞു.
കുട്ടികളുടെ നിവേദനം ഗൗരവമായാണ് കണ്ടത്. ഹോം ഗാർഡിന്‍റെ സേവനത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച ആദ്യം സ്‌കൂള്‍ പാർലമെന്‍റിൽ:
സ്‌കൂൾ പാർലമെന്‍റിൽ ഈ വിഷയം ചർച്ച ചെയ്‌ത ശേഷമാണ് പൊലീസിന് നിവേദനം നൽകാൻ തീരുമാനിച്ചത്. പിടിഎ അംഗങ്ങളുടെ പിന്തുണയോടെ സ്‌കൂൾ ലീഡർ തൃദേവ് ബി, ഡെപ്യൂട്ടി ലീഡർ അമേയ എം വി എന്നിവരുടെ നേതൃത്വത്തിൽ 14 ക്ലാസ് ലീഡർമാർ ഒപ്പിട്ട നിവേദനമാണ് ചന്തേര സ്റ്റേഷനിൽ സമർപ്പിച്ചത്. പൊലീസുകാർ സ്റ്റേഷൻ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു.