കാസർകോട് : വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ. അതേസമയം വീടിന് സമീപത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.
പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ ഒരാള്‍ നടന്ന് പോകുന്നത് മാത്രമാണുള്ളത്. സിസിടിവി ദൃശ്യത്തില്‍ കണ്ടയാളാണ് കസ്റ്റഡിയിലുള്ളതെന്നും സൂചനയുണ്ട്. 28 വയസിനും 35 വയസിനും ഇടയിലുള്ള ആളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. നിലവില്‍ ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.
ലഹരി മരുന്ന് കേസില്‍ ഉള്‍പ്പടെ ഇയാള്‍ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ നേരത്തെയും എട്ട് പേരെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി വിവി ലതീഷിന്‍റെ നേതൃത്വത്തിലുള്ള 26 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വിവിധ സ്ക്വാഡുകളായി തിരിഞ്ഞ്, സമീപ പ്രദേശത്തെയും പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെയും 400 ഓളം വീടുകളില്‍ നിന്നായി 200 ഓളം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. നേരത്തെ ലഹരി മരുന്ന് കേസുകളിൽ പ്രതിയായവരെ കുറിച്ചും മനോവൈകല്യമുള്ളവരെ കുറിച്ചും ജയിൽ മോചിതരായവരെ കേന്ദ്രീകരിച്ചും ഇന്ന് (മെയ് 17) അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ പോക്സോ, തട്ടിക്കൊണ്ടുപോകൽ വകുപ്പുകള്‍ ചുമത്തിയാണ് സംഭവത്തില്‍ കേസെടുത്തിട്ടുള്ളത്.
ബുധനാഴ്‌ചയാണ് (മെയ് 15) പടന്നക്കാട് വീടിനുള്ളില്‍ കിടന്ന് ഉറങ്ങിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
വായ പൊത്തിപ്പിടിച്ച അക്രമി ഒച്ചവച്ചാല്‍ കൊന്നുക്കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. പ്രതി മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നും മലയാളം സംസാരിക്കുന്നയാളാണെന്നും കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി സ്വര്‍ണാഭരണം കവര്‍ന്ന് കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
Also Read: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ് ; ഒരാൾ കസ്‌റ്റഡിയിൽ
സംഭവത്തിന് പിന്നാലെ തൊട്ടടുത്ത വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടി പിതാവിന്‍റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും കുടുംബം ബന്ധപ്പെടുകയുമായിരുന്നു. വിവരം അറിഞ്ഞ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഹൊസ്‌ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.