കാസർകോട്: കാസർകോട് മണ്ഡലത്തിൽ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളും വോട്ട് ചെയ്‌തു. തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് നിലവിലെ എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രാജ് മോഹൻ ഉണ്ണിത്താൻ. രാവിലെ ഏഴ് മണിയോടെ ഭാര്യയ്‌ക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പടുത്തിയത്.
മണ്ഡലത്തിലെ തന്‍റെ രണ്ടാമത്തെ വോട്ടാണിത്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി കാസർകോടുകാർ ഒരു എംപിയുടെ സാന്നിധ്യം അനുഭവിച്ചറിഞ്ഞിരുന്നത് കൊണ്ട് അവർ എന്തുവില കൊടുത്തും തന്നെ ജയിപ്പിക്കുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എന്‍റെ അടുത്ത് എത്തുന്നവർ യുഡിഎഫുകാർ മാത്രമല്ല. എല്ലാവരും വരാറുണ്ട്. എല്ലാവർക്കും വേണ്ടി താൻ ഒരുപോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്‌ണൻ മാസ്റ്ററും വളരെ പ്രതീക്ഷയിൽ തന്നെയാണ് തന്‍റെ വോട്ട് രേഖപ്പെടുത്തിയത്. കാസർകോടിലെ ജനങ്ങൾ തങ്ങള്‍ക്ക് അനുകൂലമായി വിധി എഴുതുമെന്നുള്ളത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇടതുപക്ഷ ജനാതിപത്യ മുന്നണി വ്യക്തമാക്കിയ കാര്യമാണ്.
തങ്ങളുടെതായ ഒരു എംപി ഇല്ലെന്നുള്ള നഷ്‌ടബോധം കാസർകോട് മണ്ഡലത്തിലെ ജനങ്ങൾക്കുണ്ട്. ഇക്കാരണത്താല്‍ ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് ഉറപ്പാണ്. എന്നെ തെരഞ്ഞെടുത്ത് ലോക്‌സഭയിലേക്ക് അയയ്‌ക്കുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അവരെ വിശ്വസിക്കുന്നു. ഇത്തവണ ചരിത്ര വിജയം ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ വളരെ നല്ല പ്രതികരണമാണ് നൽകുന്നതെന്ന് എൻഡിഎ സ്ഥാനാർഥി എംഎൽ അശ്വനി പറഞ്ഞു. എല്ലാവരും കൃത്യമായി വോട്ട് ചെയ്യണമെന്നും അവർ ജനങ്ങളോട് ആവശ്യപ്പെട്ടു.