കാസർകോട്: കേരള - കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ഭരണനിർവ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20ന് നാടിന് സമർപ്പിക്കും. ഭരണഘടന ശില്‍പി ഡോ. ബി ആർ അംബേദ്‌കറുടെ നാമധേയത്തിലുള്ള മന്ദിരം ഓൺലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്ന് വൈസ് ചാന്‍സലർ ഇൻ ചാർജ്ജ് പ്രൊഫ. കെ സി ബൈജു അറിയിച്ചു (PM Modi to Inaugurate New Administrative Block of Kasaragod Central University).
22 സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12,744 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിൽ കേരളത്തിൽ നിന്ന് കേരള - കേന്ദ്ര സർവ്വകലാശാലയുടെ പദ്ധതി മാത്രമാണുള്ളത്. ജമ്മുവിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് പുറമെ കാസർകോടും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
പെരിയ ക്യാമ്പസിൽ പുതിയ മന്ദിരത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രാജ്മോഹന് ഉണ്ണിത്താൻ എംപി, സിഎച്ച് കുഞ്ഞമ്പു എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, അക്കാദമിക് വിദഗ്‌ധർ, അധ്യാപകർ, ജീവനക്കാർ വിദ്യാർഥികൾ തുടങ്ങി ആയിരത്തിലേറെപ്പേർ ചടങ്ങുകൾക്ക് സാക്ഷിയാകും.
മൂന്ന് നിലകളിലായി 68,200 സ്ക്വയർ ഫീറ്റിൽ 38.16 കോടി രൂപ ചെലവിലാണ് ഡോ. ബി ആർ അംബേദ്‌കർ ഭവൻ നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഹെഫ (ഹയർ എജ്യൂക്കേഷന് ഫിനാൻസിങ് ഏജൻസി) സ്‌കീമിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 2020ൽ നിർമ്മാണം ആരംഭിച്ചു. ഭൂമിയുടെ സ്വാഭാവികത നഷ്‌ടപ്പെടുത്താതെ ഭൂപ്രകൃതി അതേപടി നിലനിർത്തിയാണ് നിർമ്മാണം. സർവ്വകലാശാലയുടെ ഭാവിയിലെ വികസനം കണക്കിലെടുത്തുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആദ്യ നിലയിലാണ് വൈസ് ചാൻസലറുടെ കാര്യാലയം. എക്‌സിക്യുട്ടീവ് കൗൺസിൽ യോഗം ഉൾപ്പെടെ നടത്തുന്നതിനുള്ള കോൺഫറൻസ് ഹാളും ഇവിടെയുണ്ട്. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നീ സ്‌റ്റാറ്റിയൂട്ടറി ഓഫീസർമാരുടെ ഓഫീസുകൾ, അക്കാദമിക്, അഡ്‌മിനിസ്ട്രേറ്റീവ്, ഫിനാൻസ്, എക്‌സാം, പർച്ചേസ് തുടങ്ങി വിവിധ സെക്ഷനുകളും മന്ദിരത്തിൽ പ്രവർത്തിക്കും. ലിഫ്റ്റ്, വൈഫൈ, പാർക്കിങ് സൗകര്യങ്ങളുമുണ്ട്.
Also Read: കേന്ദ്ര സര്‍വകലാശാലയുടെ പിജി ഡിപ്ലോമ കോഴ്‌സ് ശ്രദ്ധേയമാകുന്നു; പ്രായം മറന്ന് പഠിക്കാന്‍ നിരവധി പേര്‍
പുതിയ ഭരണനിർവ്വഹണ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് സർവ്വകലാശാല നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി ഇന്‍റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം (ഐടിഇപി) സർവ്വകലാശാല ആരംഭിച്ചിരുന്നു. കൂടുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലുമാണ്.