കാസർകോട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചുകൊണ്ടുള്ള മംഗളൂരൂ ഡിവിഷൻ രൂപീകരണ സാധ്യതയെ ആശങ്കയോടെയാണ് കേരളം കാണുന്നത്. ഇതിനിടെ
മംഗളൂരൂ റെയിൽവേ ഡിവിഷൻ ആവശ്യവുമായി കർണാടകയിൽ നിന്നുള്ള ബിജെപി എംപിമാർ രംഗത്ത് എത്തിയിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി വി സോമണ്ണ വിളിച്ചുചേർത്ത റെയിൽവേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് എംപിമാർ ഈ ആവശ്യം ഉന്നയിച്ചത്.
ബുധനാഴ്‌ച രാവിലെ മുതലാണ് റെയിൽവേ സഹമന്ത്രിയുടെ അധ്യക്ഷതയിൽ മംഗലാപുരത്ത് യോഗം ചേർന്നത്. മംഗലാപുരത്ത് ഒരു റെയിൽവേ മന്ത്രിയുടെ ആദ്യ യോഗമായിരുന്നു ഇത്.
ദക്ഷിണ കന്നഡ എംപി കെ ബ്രിജേഷ് ചൗട്ട, ഉഡുപ്പി ചിക്കമംഗളൂരു എംപി കോട്ട ശ്രീനിവാസ പൂജാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. റെയിൽവേ ഉദ്യോഗസ്ഥരും ദക്ഷിണ കന്നഡ ജില്ലയിലെ പ്രതിനിധികളും യോഗത്തിൽ സന്നിഹിതരായിരുന്നു.
പല ആവശ്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുന്നതിനിടെയാണ് മംഗളൂരു പ്രത്യേക റെയിൽവേ ഡിവിഷൻ വേണമെന്ന ആവശ്യം ഉയർന്നു വന്നത്. നിലവിൽ മംഗളൂരു റെയിൽവേ പാലക്കാട് ഡിവിഷൻ ആണ്. കൊങ്കൺ സമീപത്ത് എത്തുമെങ്കിലും മാംഗളൂർ സെൻട്രൽ, ജംഗ്ഷൻ സ്റ്റേഷനുകൾ ഉൾപ്പെടില്ല. മംഗളൂരു റെയിൽവേ സ്റ്റേഷനെ അവഗണിക്കുന്നു എന്ന വാദമാണ് പ്രധാനമായും ഉയർന്നു വന്നതെന്നാണ് സൂചന.
മംഗലാപുരം റെയിൽവേയിൽ മന്ദഗതിയിലുള്ള വികസനമാണ് ഉള്ളതെന്നും എംപിമാർ പറഞ്ഞു. തീരദേശ റെയിൽവെ എന്ന ആവശ്യവും യോഗം ചർച്ച ചെയ്‌തു. അതേസമയം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വലിയ വികസനം മംഗളൂരുവിൽ നടന്നു കൊണ്ടിരിക്കുകയാണ്. പ്ലാറ്റ്‌ഫോം , പിറ്റ് ലൈൻ അടക്കമുള്ള പ്രവർത്തികളും പുരോഗമിക്കുകയാണ്.
അതേസമയം യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലുള്ള പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്‌ദുറഹിമാൻ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. മംഗളൂരു ഡിവിഷൻ വന്നാൽ പാലക്കാട് ഡിവിഷനെ അത് കാര്യമായി തന്നെ ബാധിക്കും. പാലക്കാട് വിഭജിച്ചാല്‍ മംഗളൂരു ഡിവിഷന്‍റെ കീഴിൽ വരുക ഗോവ മുതൽ മംഗളൂരു വരെയാണ്. ഇതോടെ ഏറ്റവും വരുമാനമുള്ള പനമ്പൂർ തുറമുഖം, മംഗളുരു സെൻട്രൽ ജംഗ്ഷൻ സ്‌റ്റേഷനുകൾ ഈ ഡിവിഷന് കീഴിലാകും.
ALSO READ: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കാന്‍ നീക്കം: കേരളത്തെ എങ്ങനെ ബാധിക്കുമെന്നറിയാം...