കാസർകോട് : കർക്കടകം ആയാൽ ഔഷധഗുണമുള്ള കർക്കടക കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഉത്തമാണ്. പഴമക്കാരുടെ ആരോഗ്യത്തിന്‍റെ രഹസ്യങ്ങളിൽ ഒന്ന് ഔഷധഗുണമുള്ള കർക്കടക കഞ്ഞിയാണെന്നും പറയപ്പെടുന്നു. പുതു തലമുറയ്ക്ക് അത്ര പരിചയം ഇല്ലെങ്കിലും ഔഷധ ഗുണമുള്ള കർക്കടക കഞ്ഞി കുടിക്കണം എന്നുണ്ടെങ്കിൽ നേരെ കാസർകോട് വന്നാൽ മതി. ഔഷധക്കഞ്ഞി മാത്രമല്ല ഞവരക്കഞ്ഞി, ജീരകക്കഞ്ഞി, ഉലുവക്കഞ്ഞി, പാൽക്കഞ്ഞിയും കൂടാതെ മുളയരിപ്പായസം, മരുന്നുണ്ട എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ ജില്ല മിഷന്‍റെ 'അമൃതം കർക്കടകം' മേളയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്.
സിവിൽ സ്റ്റേഷൻ പരിസരത്താണ് ഫെസ്റ്റ് നടക്കുന്നത്. കഞ്ഞി കൂടാതെ
ഞവരയരി, അയമോദകം, ആശാളി, ചതുകുപ്പ, ജീരകം, ഉലുവ, എള്ള്, കരിപ്പെട്ടി, ചുക്ക്, നെയ്യ് എന്നിവ ചേർത്ത് തയ്യാറാക്കിയ കർക്കടക ഔഷധ മരുന്നുണ്ടയും ഫെസ്റ്റിലെ പ്രധാന ആകർഷണമാണ്. കൂടാതെ ചക്ക കൊണ്ടുള്ള ഉണ്ണിയപ്പം, ചക്കപ്പുഴുക്ക്, ചക്കപ്പായസം, മഞ്ഞൾ അട, ചക്കയപ്പം, ചുക്കുകാപ്പി, അരിയുണ്ട, മുറുക്ക് എന്നീ വിഭവങ്ങളും ചമ്മന്തിപ്പൊടി, മുളകുപോടി, മഞ്ഞൾപ്പൊടി തുടങ്ങിയവയും ഫെസ്റ്റിലുണ്ട്.
ഔഷധക്കഞ്ഞിക്കും ഞവരക്കഞ്ഞിക്കും 60 രൂപയും മറ്റ് കഞ്ഞികൾക്ക് 50 രൂപയുമാണ് നിരക്ക്. മരുന്നുണ്ട ഒന്നിന് 10 രൂപ നിരക്കിൽ ലഭിക്കും. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ കഞ്ഞി കുടിക്കാനുള്ള തിരക്കാണ്. പ്രായമായവരും യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം ഇവിടെ എത്തുന്നുണ്ട്. കഞ്ഞിക്കൊപ്പം കിട്ടുന്ന നെല്ലിക്ക ചമ്മന്തിയും അടിപൊളിയാണ്.
മഴയും തണുപ്പുമുള്ള കർക്കടകത്തിൽ ഔഷധക്കഞ്ഞിയെന്നത് മലയാളികളുടെ ആരോഗ്യ രഹസ്യമാണ്. രോഗപ്രതിരോധ ശേഷി കൂട്ടാൻ കര്‍ക്കടക കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കര്‍ക്കടക കഞ്ഞി. രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഇത് കഴിക്കുന്നതാണ് നല്ലത്. കർക്കടകമാസത്തിൽ സാധാരണയായി ദഹനശക്തി കുറയുമെന്നു പറയപ്പെടുന്നു. കർക്കടക കഞ്ഞി ദഹനം വർധിപ്പിക്കുന്നതിനും മൂന്ന് ദോഷങ്ങളെ സന്തുലിതമാക്കുന്നതിനും അത്യുത്തമമാണ്. വാതം, പിത്തം, കഫം എന്നിവയെയും മാറ്റി നിർത്തും.