കോഴിക്കോട് : 21 പേർ മരിക്കുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത കരിപ്പൂർ വിമാന ദുരന്തം നടന്നിട്ട് നാല് വർഷം. കൊവിഡിൻ്റെ രൂക്ഷതയിൽ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്തം പറന്നിറങ്ങിയത്.
വിമാനം ദുരന്തത്തിലേക്ക് പറന്നിറങ്ങി
ദുബായില്‍ നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം കനത്ത മഴയിൽ റൺവേ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയർന്നു. വിമാനം പിന്നീട് ലാൻഡ് ചെയ്‌തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത പത്താമത്തെ റൺവേയിൽ. തെന്നിമാറിയ വിമാനം ചതുപ്പ് നിലവും കടന്നു 35 മീറ്ററോളം താഴേക്ക് വീണ് മൂന്ന് കഷണമായി പിളരുകയായിരുന്നു.
വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർത്ത് വിമാനത്തിന്‍റെ മുൻഭാഗം പുറത്തേക്കെത്തി. വിമാനത്തിന്‍റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരടക്കം 19 പേരാണ് അപകടത്തിൽ മരിച്ചത്. പറന്നുയർന്ന സമയത്ത് തന്നെ വിമാനത്തിൻ്റെ ശബ്‌ദത്തിൽ തകരാറ് അനുഭവപ്പെട്ടിരുന്നു.
യാത്രയിലുടനീളം യാത്രക്കാർ പ്രാർഥനയായിരുന്നു. ഒടുവിൽ ഭയപ്പെട്ട പോലെ തന്നെ സംഭവിച്ചു, കരിപ്പൂരിൽ ഇറങ്ങാനാവാതെ രണ്ട് തവണ വട്ടം കറങ്ങി. ആ സമയത്തൊക്കെ വിമാനത്തിന് ഒരു പ്രത്യേക ശബ്‌ദമായിരുന്നു. ഒടുവിൽ അപകടത്തിലേക്കാണ് ലാന്‍ഡ് ചെയ്‌തിറങ്ങിയത്. ബാലൻസ് തെറ്റിയതോടെ വിമാനത്തിനുള്ളിൽ കൂട്ടക്കരച്ചിലായിരുന്നു. പലർക്കും ബോധം നഷ്‌ടപ്പെട്ടു. വിമാനം പൊട്ടിത്തെറിച്ചു. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു.
അന്വേഷണങ്ങളും കണ്ടെത്തലുകളും
ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങൾ പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്‍റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി. വൈപ്പര്‍ തകാരാറില്‍ ആയിരുന്നിട്ടും ഓട്ടോ പൈലറ്റ് രീതിയില്‍ ഇറക്കുന്നതിനു പകരം സ്വന്തം നിയന്ത്രണത്തില്‍ മാത്രം വിമാനമിറക്കാന്‍ ശ്രമിച്ചത്, സഹപൈലറ്റ് അഖിലേഷ് നല്‍കിയ നിര്‍ദേശങ്ങളെല്ലാം ലംഘിച്ചത്, കരിപ്പൂരിലെ ലാന്‍ഡിങ് ദുഷ്‌കരമെന്ന് തിരിച്ചറിഞ്ഞ് കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങി മറ്റ് വിമാനത്താവളില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കാഞ്ഞത് തുടങ്ങിയവയെല്ലാം മുഖ്യ പൈലറ്റ് ക്യാപ്റ്റന്‍ സാഥെയുടെ പിഴവായി അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നവരോടും എയർ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിൻ്റെ തോത് കണക്കാക്കി തുച്‌ഛമായ നഷ്‌ടപരിഹാരമാണ് നൽകിയത്. ഇതിനെതിരെ രക്ഷപ്പട്ടവർ എയർ ഇന്ത്യ അധികൃതർക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാൽ പരമാവധി നഷ്‌ടപരിഹാരം തന്നു തീർത്തു എന്നാണ് മറുപടി ലഭിച്ചത്. അർഹമായ നഷ്‌ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് കാത്തിരിക്കുന്നവർ.
നഷ്‌ടപരിഹാര വിവാദങ്ങള്‍
ഒരു വിമാനം പറന്നുയർന്ന് യാത്ര അവസാനിക്കുന്നതിനിടയിൽ യാത്രക്കാർക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്‌ഡിആർ (Special Drawing Right) (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്‌ടപരിഹാരം നൽകണമെന്നതാണ് വ്യോമയാന നിയമം. പരിക്ക് പറ്റിയവരുടെ വയസോ പരിക്കിൻ്റെ വ്യാപ്‌തിയോ യാത്രക്കാരൻ്റെ ജോലിയോ വരുമാനമോ ഒന്നും നോക്കാതെ ഈ തുക നഷ്‌ടപരിഹാരം നൽകാനാണ് ഉത്തരവ്.
നിയമ പോരാട്ടം
മംഗലാപുരം വിമാന ദുരന്തത്തിൽ എയർ ഇന്ത്യ ഈ നഷ്‌ടപരിഹാരം നൽകാൻ തയ്യാറായിരുന്നില്ല. ഇത് ചോദ്യം ചെയ്‌ത് ഒരു യാത്രക്കാരൻ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് വിധി യാത്രക്കാർക്ക് അനുകൂലമായിരുന്നെങ്കിൽ ഡിവിഷൻ ബെഞ്ച് എയർ ഇന്ത്യക്ക് അനുകൂലമായി വിധി പ്രസ്‌താവിച്ചു.
കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടിസ്
2023 ഒക്ടോബര്‍ 18ന് കേന്ദ്രസര്‍ക്കാരിനും എയര്‍ ഇന്ത്യയ്ക്കും സുപ്രീം കോടതി നഷ്‌ടപരിഹാര ഹര്‍ജികളില്‍ നോട്ടിസ് നല്‍കി. ഇരകളുടെ കുടുംബങ്ങളുമായുള്ള നഷ്‌ടപരിഹാര ധാരണയില്‍ ഇനിയും യാതൊരു ഇടപെടലുമില്ലെന്ന എയര്‍ ഇന്ത്യയുടെ നിലപാടിനെ സുപ്രീം കോടതി തള്ളി.
ഏതായാലും നിലവിൽ ഈ ഹർജി സുപ്രീം കോടതിയുടെ പരിഗണന കാത്തിരിക്കുകയാണ്. ഈ മാസം 24 ന് കേസ് പരിഗണിക്കുമെന്ന് യാത്രക്കാർക്ക് വേണ്ടി കേസ് ഏറ്റെടുത്ത അഭിഭാഷകൻ ആരിഫ് ഇടിവി ഭാരതിനോട് പറഞ്ഞു. മുതിർന്ന അഭിഭാഷകനായ കെ കെ വേണുഗോപാൽ ഹാജരാകും.
വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം
പൈലറ്റിന്‍റെ പിഴവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടും കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ് എന്നതാണ് മറ്റൊരു പ്രതിസന്ധി. അപകടത്തില്‍ പെട്ടത് ചെറു വിമാനം ആയിരുന്നെങ്കിലും ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ട്രീയ നേതൃത്വവും യാത്രക്കാരുടെ വിവിധ സംഘടനകളും നിരന്തരം ഉയര്‍ത്തിയ സമ്മര്‍ദങ്ങളെ തുടര്‍ന്ന് റണ്‍വേ വികസനത്തിനുളള നടപടികള്‍ക്ക് ജീവന്‍ വച്ചതാണ് സമീപ കാലത്തുണ്ടായ മാറ്റം.
Also Read: പുതുവര്‍ഷത്തില്‍ കരിപ്പൂരിന് പ്രതീക്ഷ ; പുതിയതായി രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകള്‍