കണ്ണൂര്‍: പിവി അൻവറിന് പിന്തുണയുമായി കാരായി രാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത്. കാരായി രാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അൻവറും ഷെയർ ചെയ്‌തു. പിവി അൻവറിന്‍റെ വിവാദം തുടങ്ങിയത് മുതൽ അൻവർ ഒറ്റയ്ക്കല്ലെന്ന നിരീക്ഷണം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.
കണ്ണൂരിലെ തന്നെ ഉന്നത നേതാവാണ് അന്‍വറിന് പിന്നിലെന്നും അത് പി.ജയരാജൻ ആണെന്ന സൂചനയും പുറത്ത് വന്നിരുന്നു. തുടര്‍ന്ന് പി ജയരാജന് പിന്തുണ അറിയിച്ച് റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പും രംഗത്തെത്തി. എന്നാല്‍ ഇതെല്ലാം പി.ജയരാജന്‍ നിഷേധിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം ശരിവയ്ക്കുന്നതാണ് കാരായി രാജന്‍റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. 'ഞങ്ങൾക്ക് ആഭ്യന്തര വകുപ്പിൽ ഉറച്ച വിശ്വാസമുണ്ട്. അത് സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടിയാണ്. എന്നാൽ ചില പുഴുക്കുത്തുകൾ എവിടെയുമുണ്ടാകും. അത് സമൂഹത്തിലും ബാധകമാണ്.
ഭരണകൂട സംവിധാനത്തിൻ്റെ ഇടങ്ങളിൽ പ്രത്യേകിച്ചും പുഴുക്കുത്തുകൾ ഉണ്ടാകും. ഉപ്പ് തിന്നവർ വെള്ളം കുടിക്കുകയും ശിക്ഷയേറ്റ് വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള എൻ്റെയും വിശ്വാസമാണ്, തീർച്ചയാണ്, അനിവാര്യമാണ്'- എന്നാണ് സെക്രട്ടേറിയറ്റ് അംഗം കൂടിയായ കാരായി രാജന്‍ എഫ്‌ബി പോസ്റ്റില്‍ കുറിച്ചത്.
![DGP AJITH KUMAR RSS MEETING P V ANVAR CONTROVERSY അന്‍വറിനെ പിന്തുണയ്ച്ച് കാരായി രാജൻ MALAYALAM LATEST NEWS](https://etvbharatimages.akamaized.net/etvbharat/prod-images/12-09-2024/22435690_karayi-rajan.png)
മുഖ്യമന്ത്രിയുടെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്‌തായിരുന്നു കാരായി രാജന്‍റെ പോസ്റ്റ്. പിവി അൻവറിന്‍റെ ലക്ഷ്യം എഡിജിപി അല്ല എന്നതും എല്ലാം വിരൽ ചൂണ്ടുന്നത് പി ശശിയിലേക്കാണ് എന്ന വിവരവുമാണ് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കൂടാതെ അടുത്ത നിയമസഭ സീറ്റിലേക്ക് തലശേരി ലക്ഷ്യമിട്ട് ശശിയും കാരായി രാജനും തമ്മിലുള്ള പോരിന്‍റെ ഭാഗമാണ് ഇതെന്ന സൂചനയും ഉണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിലവിൽ തലശേരി എംഎൽഎ കൂടിയായ എഎൻ ഷംസീർ മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം എഡിജിപിയെ പിന്തുണച്ച് രംഗത്ത് എത്തിയതെന്നും ചില രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.