തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ പ്രതികൾക്കെതിരെ രോഷാകുലരായി ബന്ധുക്കളും നാട്ടുകാരും. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി പ്രതികരിച്ചത്. എട്ട് പ്രതികളെയും കൃത്യം നടത്തിയ സ്ഥലത്ത് കൊണ്ടുവന്നായിരുന്നു തെളിവെടുപ്പ്.
വേറെ ഒരു കുടുംബത്തിനും ഈ ഗതി വരുത്തരുതെന്ന് അഖിലിന്‍റെ പിതാവ് വൈകാരികമായി പ്രതികരിച്ചു. പ്രതികളെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും തൂക്കിക്കൊല്ലണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ഒന്നാം പ്രതി വിനീഷ് രാജ്, രണ്ടാം പ്രതി അഖിൽ അപ്പു, മൂന്നാം പ്രതി സുമേഷ്, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി കിരൺ കൃഷ്‌ണൻ, ആറാം പ്രതി അരുൺ ബാബു പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയ ഹരിലാൽ, അഭിലാഷ് എന്നിവരെയാണ് കൊലപാതകം നടത്തിയ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പ്രതികൾക്കെതിരെ ശാപവാക്കുകളുമായി നാട്ടുകാർ എത്തിയത്.
കോടതി റിമാൻഡ് ചെയ്‌ത പ്രതികളെ മെയ് 20നാണ് കരമന പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്. മെയ് 10ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കരുമം ഇടഗ്രാമത്തിൽ വച്ചാണ് പ്രതികൾ കമ്പി വടികൊണ്ട് അടിച്ചും സിമന്‍റ് കട്ട പലതവണ ശരീരത്തിലേക്ക് ഇട്ടും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ഏപ്രിൽ 26ന് പാപ്പനംകോടുള്ള ബാറിൽവച്ച് പ്രതികളും കൊല്ലപ്പെട്ട അഖിലും സുഹൃത്തുക്കളും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ക്രൂരമർദനത്തിലും കൊലപാതകത്തിലും കലാശിച്ചത്.
Also Read: 'ഓപ്പറേഷൻ ആഗ്' ; തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീടുകളിൽ റെയ്‌ഡ്