എറണാകുളം : കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. കൊച്ചിയിലെ പിഎംഎൽഎ കേസ് പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ 4 പ്രതികളാണുള്ളത്.
സിഎസ്ഐ സഭ മുൻ ബിഷപ് ധർമ്മരാജ് റസാലം, കോളജ് ഡയറക്‌ടര്‍ ഡോ. ബെന്നറ്റ് അബ്രഹാം, സഭ മുൻ സെക്രട്ടറി ടിടി പ്രവീൺ എന്നിവര്‍ ഉള്‍പ്പടെ 4 പേരെ പ്രതികളാക്കിയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. സിഎസ്ഐ മെഡിക്കൽ കോളജ് പ്രവേശനത്തിന് കോടികൾ കോഴവാങ്ങി വിദേശത്തേക്ക് അടക്കം പണം കടത്തിയെന്നാണ് കേസ്. പ്രതികളെ ഇഡി പലതവണ ചോദ്യം ചെയ്‌തിരുന്നു.
ഇതോടൊപ്പം ബിഷപ്പ് ഹൗസ് ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളജിലും ബെന്നറ്റ് എബ്രഹാമിന്‍റെ വീട്ടിലും അടക്കം ഇഡി റെയ്‌ഡും നടത്തിയിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് അന്വേഷണ സംഘത്തിൻ്റ കണ്ടത്തൽ. ബിഷപ്പ് റസാലത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ഇഡി ഏറ്റെടുത്തത്.