കാസർകോട് : കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സൊസൈറ്റിയിൽ നിന്ന് തട്ടിയെടുത്ത പണം മുഴുവൻ മുഖ്യപ്രതി രതീശൻ നൽകിയത് കോഴിക്കോട് സ്വദേശി നബീലിന്. മുമ്പ് എന്‍ഐഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് നബീലെന്ന് പൊലീസ്.
വിദേശത്ത് നിന്ന് 673 കോടി രൂപ ലഭിക്കാനുണ്ടെന്ന റിസർവ് ബാങ്കിന്‍റെ പേരിലുള്ള വ്യാജരേഖ കാണിച്ചാണ് രതീശനെ നബീൽ വിശ്വസിപ്പിച്ചത്.
വ്യാജരേഖയിൽ കേന്ദ്ര ധനമന്ത്രിയുടെയും റിസർവ് ബാങ്ക് ഗവർണറുടെയും വ്യാജ ഒപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. താൻ തിരിമറി നടത്തിയത് സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപമുണ്ടാക്കാനെന്ന് പിടിയിലായ രതീശന്‍റെ മൊഴി.
അതേ സമയം പ്രതികളുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. കേസിൽ ആദ്യം പിടിയിലായ പ്രതികളെ രതീശനും അബ്‌ദുൽ ജബ്ബാറിനുമൊപ്പമിരുത്തി ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം പറഞ്ഞു. കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യപ്രതി രതീശനും കൂട്ടാളി അബ്‌ദുൽ ജബ്ബാറും കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഈറോഡിലെ ഒരു ലോഡ്‌ജിൽ നിന്നാണ് രതീശനെയും ജബ്ബാറിനെയും ക്രൈം ബ്രാഞ്ച് പിടികൂടിയത്.
പൊലീസ് പിടിക്കാതിരിക്കാൻ പഴയ ഫോൺ സ്വിച്ച് ഓഫാക്കി പുതിയ ഫോണും സിം കണക്ഷനും എടുത്തെങ്കിലും ഒടുവിൽ പിടിവീണു. പ്രതികളെ പിടികൂടാൻ ബേക്കൽ ഡിവൈഎസ്‌പി ജയൻ ഡൊമിനിക്, ആദൂർ ഇൻസ്പെക്‌ടർ പി സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ ജില്ല പൊലീസ് മേധാവി നിയോഗിച്ചിരുന്നു.
ഇല്ലാത്ത ആളുകളുടെ പേരിൽ സ്വർണപ്പണയ വായ്‌പ എടുത്തും പണയം വച്ച സ്വർണം കടത്തികൊണ്ട് പോയും അപക്‌സ് ബാങ്ക് സൊസൈറ്റിക്ക് നൽകിയ പണം തട്ടിയെടുത്തുമായിരുന്നു സൊസൈറ്റിയിൽ നിന്ന് 4.76 കോടി രതീശൻ തട്ടിയെടുത്തത്. തട്ടിയെടുത്ത സ്വർണം പണയം വയ്ക്കാൻ സഹായിച്ച രതീശന്‍റെ സുഹൃത്തുക്കളായ അനില്‍കുമാര്‍, ഗഫൂർ, ബഷീര്‍ എന്നിവരെ ബംഗളൂരുവിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു. കാസർകോട്ടെ വിവിധ ബാങ്കുകളിൽ പണയം വച്ച 1.6 കിലോ സ്വർണം തിരിച്ചുപിടിച്ചിട്ടുണ്ട്. രതീശനെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.