കണ്ണൂർ: ആറ് വരി പാത വന്നതോടെ പുറത്തേക്ക് ഇറങ്ങാനുള്ള വഴി നഷ്‌ടപ്പെട്ട് കണ്ണൂര്‍ തിലാന്നൂരിലെ രണ്ട് കുടുംബങ്ങള്‍. രവീന്ദ്രൻ, ഭാരതി എന്നിവരുടെ വീടുകള്‍ക്കാണ് വഴി നഷ്‌ടമായത്. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾ ഉള്ളയാളാണ് രവീന്ദ്രന്‍. തൊട്ടടുത്തു താമസിക്കുന്ന ഭാരതിയുടെ അവസ്ഥയും വ്യത്യസ്‌തമല്ല.
ആറുവരി പാത എന്ന വൻകിട വികസനത്തിനായി പ്രദേശത്തെ വെട്ടി മുറിച്ചപ്പോൾ ഇരു കുടുബങ്ങൾക്കും നഷ്‌ടമായത് വീടിന് പുറത്തിറങ്ങാനുള്ള വഴി ആണ്. ദേശീയപാത നിർമാണത്തിന് മുൻപ് തൊട്ടപ്പുറത്തെ ജംഗ്ഷനിലേക്കെത്താൻ ഇവർക്ക് നടക്കേണ്ടത് വെറും 100 മീറ്റർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഇവർക്ക് ഒരു വാഹനം കിട്ടണമെങ്കിൽ തന്നെ 2 കിലോമീറ്റർ അപ്പുറമുള്ള ചാല വഴി സഞ്ചരിക്കണം. തിലാന്നൂർ കീഴ്ത്തള്ളിയിലെ മുണ്ടയാട് ചാല ബൈപാസ് റോഡിന്‍റെ നിർമ്മാണം ആണ് രണ്ടു കുടുംബങ്ങളുടെ വഴിയടച്ചത്.
കളക്‌ടർക്ക് ഉൾപ്പടെ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല എന്നാണ് ഇവർ പറയുന്നത്. തങ്ങൾക്ക് വേണ്ടത് റോഡല്ല സഞ്ചാരയോഗ്യമായ വഴിയാണെന്നും ഇവർ പറയുന്നു. മഴ കൂടി കനത്താൽ ഇവിടെയുള്ള താമസം തന്നെ ദുഷ്‌കരമാകും. മലവെള്ള പാച്ചിൽ ഉണ്ടായാൽ ഇരു ഭാഗവും ഇടിയുമെന്ന നിലയിലാണ് ഇവരുടെ അവസ്ഥ.
Also Read: വ്യാപക ക്രമക്കേടെന്ന് 'രഹസ്യ വിവരം'; ഭക്ഷ്യസുരക്ഷ ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന